തൃശൂർ: പുന്നയൂർക്കുളം മന്ദലാംകുന്ന് പാപ്പാളി മരമില്ലിൽ തീപിടിത്തം. മരംമുറിക്കുന്ന മൂന്ന് കട്ടർ, പൊടി കളയുന്ന യന്ത്രം, മര ഉരുപ്പിടികൾ ഉൾപ്പെടെ കത്തിനശിച്ചു. അമ്പതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അപകടകാരണം അറിവായിട്ടില്ല. ദേശീയപാതയോരത്തെ വുഡ് ഹൗസ് മരമില്ലിൽ 2023 സെപ്തംബർ 4 ന് പുലർച്ചെ നാലോടെയാണ് സംഭവം.
മത്സ്യത്തൊഴിലാളികളുടെ ഇടപെടൽ മൂലം വൻ അപകടം ഒഴിവായി. ഇതുവഴി പോയ മത്സ്യത്തൊഴിലാളികളുടെ ഇടപെടലാണ് അപകടം ഒഴിവാക്കിയത്. മത്സ്യബന്ധനത്തിനു പൊന്നാനി ഹാർബറിലേക്ക് പോയ അൽഖോർ വള്ളത്തിലെ തൊഴിലാളികളായ മന്ദലാംകുന്ന് പുതുപാറക്കൽ റസാഖ്, മാനത്തുപറമ്പിൽ നൂറുദ്ദീൻ, പുളിക്കൽ ഷിഹാബ് എന്നിവരാണ് സമീപത്തെ വീടുകളിൽനിന്നു വെള്ളം എത്തിച്ച് തീ അണയ്ക്കാനുള്ള ശ്രമം തുടങ്ങിയത്. തുടർന്ന് ഗുരുവായൂരിൽനിന്നു അഗ്‌നിരക്ഷാസേന എത്തിയാണ് തീ അണച്ചത്.
മര ഉരുപ്പിടികളിലേക്ക് തീയാളുംമുമ്പ് അണച്ചതിനാൽ വൻ അപകടം ഒഴിവായി. മുവ്വാറ്റുപുഴ സ്വദേശി മൊയ്തീനാണ് 15 വർഷമായി മില്ല് വാടകയ്ക്ക് എടുത്തു നടത്തുന്നത്. നാലു വർഷത്തിനിടെ നാലുതവണ മില്ലിനു തീപിടിച്ചിരുന്നു. വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി.

