തിരുവനന്തപുരം: വിഴിഞ്ഞം സ്റ്റേഷനില്‍ നിന്ന് തൊണ്ടിമുതലായ സ്വന്തം ബൈക്ക് കടത്തിക്കൊണ്ടുപോയ കള്ളനെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. മോഷണ പരമ്പരകള്‍ നടത്തിയിരുന്ന തക്കല സ്വദേശി മെർലിനെയാണ് കന്യാകുമാരി എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.
വിഴിഞ്ഞത്തെ തൊണ്ടിമുതൽ മോഷണം നടന്നത് ജൂലൈ 12നാണ്. വിഴിഞ്ഞം സ്റ്റേഷൻ പരിധിയിലെ ഉച്ചക്കട പയറ്റുവിളറോഡിലൂടെ ആക്ടീവയിൽ പോയ യുവതിയുടെ മാല പിടിച്ചുപറിക്കാൻ മെർലിൻ ശ്രമിച്ചു. യുവതിയുടെ ബഹളം കേട്ട് നാട്ടുകാർ വരുന്നതു കണ്ടതോടെ കള്ളൻ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചു. അതിനിടെ വഴിയിൽ ബൈക്ക് കേടായി. റോഡരികിൽ വാഹനം പൂട്ടിവെച്ച ശേഷം മെർലിൻ ഓടിരക്ഷപ്പെട്ടു.
പൊലീസ് ബൈക്ക് കസ്റ്റഡിയിലെടുത്ത് സ്റ്റേഷൻ മുറ്റത്ത് തൊണ്ടിമുതലിനൊപ്പം പാർക്ക് ചെയ്തു. എന്നാൽ അതീവ സുരക്ഷയുള്ള സ്റ്റേഷൻ മുറ്റത്ത് നിന്ന് മണിക്കൂറുകൾക്കുള്ളിൽ സ്വന്തം ബൈക്ക് കടത്തി മെര്‍ലിന്‍ പൊലീസുകാരെ ഞെട്ടിച്ചു. ബന്ധു റെജിന്‍റെ സഹായത്തോടെയാണ് ബൈക്ക് കടത്തിയത്. പുലർച്ചെ പാറാവുകാർ ഷിഫ്റ്റ് മാറുന്ന അഞ്ച് മണി കഴിഞ്ഞ് അഞ്ച് മിനിറ്റിനുള്ളിൽ തന്നെ വാഹനം കടത്തി. സ്റ്റേഷൻ മുറ്റത്ത് നിന്ന് ഉരുട്ടി റോഡിൽ എത്തിച്ച ബൈക്ക് വയർ ഉപയോഗിച്ച് സ്റ്റാർട്ടാക്കി ഓടിച്ചുപോയി.
പ്രതികള്‍ അപ്പോള്‍ തന്നെ സംസ്ഥാനം വിട്ടു. സിസിടിവി ക്യാമറകൾ പിന്തുടർന്ന് നടത്തിയ പരിശോധനയിലാണ് പൊലീസ് കള്ളന്മാരെ തിരിച്ചറിഞ്ഞത്. മൂന്ന് ദിവസത്തിനുള്ളില്‍ കൂട്ടുപ്രതി കൽക്കുളം മരുതവിള മണലിയിൽ റെജിലിനെ തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തു. പക്ഷെ മെർലിനെ പിടികൂടാനായില്ല. രണ്ട് മാസത്തിനു ശേഷമാണ് മെര്‍ലിന്‍ കന്യാകുമാരി പൊലീസിന്‍റെ പിടിയിലായത്.
മോഷണശ്രമം, തൊണ്ടി മുതൽ കടത്തൽ എന്നിങ്ങനെ രണ്ട് കേസുകൾ മെർലിനെതിരെ വിഴിഞ്ഞം പൊലീസ് രജിസ്റ്റർ ചെയ്തു. പ്രതിയെ ചോദ്യംചെയ്യാൻ കസ്റ്റഡി അപേക്ഷ നൽകുമെന്ന് വിഴിഞ്ഞം എസ്.ഐ വിനോദ് അറിയിച്ചു.