രാഹുല്‍ ലോകകപ്പ് ടീമില്‍;സഞ്ജു പുറത്ത് ?

കാന്‍ഡി: അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍നിന്ന് മലയാളി വിക്കറ്റ്കീപ്പര്‍ സഞ്ജു സാംസണ്‍ പുറത്തെന്ന് റിപ്പോര്‍ട്ട്.
ശ്രീലങ്കയിലെ പല്ലക്കലെ സ്‌റ്റേഡിയത്തില്‍ പാക്കിസ്ഥാനെതിരായ ഏഷ്യാകപ്പ് മത്സരത്തിനുശേഷം ബി.സി.സി.ഐ സെലക്ഷന്‍ കമ്മിറ്റി തലവന്‍ അജിത് അഗാര്‍ക്കര്‍ ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായും കോച്ച് രാഹുല്‍ ദ്രാവിഡുമായും ചര്‍ച്ച നടത്തിയാണ് 15 അംഗ ടീം സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തതെന്നാണു റിപ്പോര്‍ട്ട്. ബി.സി.സിഐ. നാളെ ഔദ്യോഗികമായി ടീം പ്രഖ്യാപിക്കും.
പരുക്കിന്റെ പിടിയിലുള്ള കെ.എല്‍. രാഹുല്‍ വിക്കറ്റ് കീപ്പറായി ടീമിലുണ്ടാകും. പരുക്കിന്റെ കാര്യത്തില്‍ ദേശീയ ക്രിക്കറ്റ് അക്കാദമി പച്ചക്കൊടി കാട്ടിയതോടെ രാഹുലിനെ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഏഷ്യാകപ്പ് ടീമിലുള്ള ശ്രേയസ് അയ്യരെയും നിലനിര്‍ത്തി. പരുക്കിനെത്തുടര്‍ന്ന് ഏറെകാലമായി ശ്രേയസും ടീമിനു പുറത്തായിരുന്നു.
നിലവില്‍ ശ്രീലങ്കയിലുള്ള 17 അംഗ ഏഷ്യാകപ്പ് ടീമില്‍നിന്ന് യുവതാരം തിലക് വര്‍മ, പേസര്‍ പ്രസിദ്ധ് കൃഷ്ണ എന്നിവരെയും ഒഴിവാക്കിയെന്നാണ് വിവരം. പാക്കിസ്ഥാനെതിരെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം പുറത്തെടുത്ത ഇഷാന്‍ കിഷനെയും ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തി.
രാഹുല്‍ പരുക്കിനെത്തുടര്‍ന്ന് ഏഷ്യാകപ്പിലെ ആദ്യ രണ്ടു മത്സരങ്ങള്‍ കളിക്കുന്നില്ല. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് രാഹുല്‍ പരിശീലനം നടത്തുന്നത്.
രോഹിത് ശര്‍മയ്ക്കും കോഹ്ലിക്കും പുറമേ ശുഭ്മാന്‍ ഗില്‍, കെ.എല്‍. രാഹുല്‍, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ ബാറ്റര്‍മാരായും ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓള്‍റൗണ്ടര്‍മാരായും ടീമിലുണ്ടാകും. ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവര്‍ പേസര്‍മാരായും സ്പിന്നറായി കുല്‍ദീപ് യാദവുമാണ് ടീമില്‍ ഉള്‍പ്പെട്ടത്.
യുസ്വേന്ദ്ര ചാഹല്‍, അശ്വിന്‍ എന്നിവരെ പരിഗണിച്ചില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →