തിരുവനന്തപുരം: കേരളത്തിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ തൃശൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മൂന്ന് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലാണ് ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെയോടെ മഴ കൂടുതൽ കനക്കും. അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് തീവ്ര മഴ മുന്നറിയിപ്പുണ്ട്.
തിങ്കളാഴ്ച ആലപ്പുഴയിൽ ഓറഞ്ച് അലർട്ടാണ്. വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട് എന്നാണ്. അടുത്ത മണിക്കൂറുകളിൽ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചക്രവാതച്ചുഴി കൂടി രൂപപ്പെടും. പിന്നീടുള്ള 48 മണിക്കൂറിൽ ഇത് ന്യൂനമർദമായി മാറും. കേരളത്തിൽ ഇതിന്‍റെ ഫലമായി മഴ കനക്കും. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും ശക്തമായ കാറ്റിനും സാധ്യത ഉള്ളതായി മുന്നറിയിപ്പുണ്ട്.

