താനൂർ: താമിര്‍ ജിഫ്രി തങ്ങള്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളായ രണ്ട് പോലിസുകാര്‍ വിദേശത്തേക്ക് കടന്നതായി സൂചന.മലപ്പുറം ജില്ലാ പോലിസ് മേധാവിയുടെ ഡാന്‍സാഫ് ടീം അംഗവും കേസിലെ രണ്ടാം പ്രതിയുമായ പരപ്പനങ്ങാടി സ്‌റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസര്‍ ആല്‍ബിന്‍ അഗസ്റ്റിന്‍, നാലാം പ്രതി തിരൂരങ്ങാടി സ്‌റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസര്‍ വിപിന്‍ എന്നിവരാണ് ദുബയിലേക്ക് കടന്നതായി സംശയിക്കുന്നത്. കൊച്ചി വിമാനത്താവളം വഴിയാണ് ഇവര്‍ ദുബയിലേക്ക് കടന്നതായി അറിയുന്നു. താമിര്‍ ജിഫ്രി കസ്റ്റഡി കൊലപാതകത്തില്‍ ഇവരുള്‍പ്പെടെയുള്ളവരുടെ പേര് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട പിറ്റേന്നാണ് വിദേശത്തേക്ക് കടന്നതെന്നാണ് നിഗമനം. ഒരു ഉന്നത പോലിസ് ഉദ്യോഗസ്ഥന്റെ നിര്‍ദേശ പ്രകാരം താനൂര്‍ പോലിസ് സ്‌റ്റേഷനിലെ എറണാകുളം സ്വദേശിയായ കോണ്‍സ്റ്റബിളിന്റെ സഹോയത്തോടെയാണ് വിദേശത്തേക്ക് കടന്നതെന്നും സംശയിക്കുന്നത്. യുഎഇയിലെ വിവിധ ഇടങ്ങളിലാണ് ഇവര്‍ താമസിച്ചു വരുന്നതെന്നും റിപോര്‍ട്ടുണ്ട്. അതോടപ്പം തന്നെ, കേസിലെ മറ്റു രണ്ട് പ്രതികളായ താനൂര്‍ പോലിസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ ജിനേഷ്, മൂന്നാം പ്രതി കല്‍പ്പകഞ്ചേരി സ്‌റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസര്‍ താനാളൂര്‍ കെ പുരം വായനശാല സ്വദേശി കരേകത്ത് അഭിമന്യൂ എന്നിവര്‍ക്ക് സുരക്ഷിത താവളമൊരുക്കിയതും ഉന്നത പോലിസ് ഉദ്യോഗസ്ഥരാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്ബ് എറണാകുളത്ത് താനൂര്‍ പോലിസ് സ്‌റ്റേഷനിലെ ഒരു പോലിസുകാരനോടപ്പവും ഡാള്‍സാഫ് സ്‌ക്വാഡിലുണ്ടായിരുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ വാടക വീട്ടിലും നാലുപേരും താമസിച്ചിരുന്നതായി റിപോര്‍ട്ടുകളുണ്ട്. പോലിസ് പ്രതിപ്പട്ടികയില്‍ വന്ന കേസില്‍ നിന്നു പ്രതികളെ അറസ്റ്റ് ചെയ്യാതെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് അണിയറയില്‍ നടക്കുന്നത്. ക്രിമിനല്‍ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ രക്ഷപ്പെടാതിരിക്കാന്‍ വിമാനത്താവളങ്ങളിലുള്‍പ്പെടെ ലുക്കൗട്ട് നോട്ടീസ് പുറപെടുപ്പിക്കുന്ന പോലിസ് ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്താതിരുന്നത് സ്വന്തം സേനാംഗങ്ങളായതിനാലാണെന്ന ആക്ഷേപം ശരിവയ്ക്കുന്നതായി ഇത്തരം നടപടികള്‍.
താമിര്‍ ജിഫ്രി കസ്റ്റഡിക്കൊല: പ്രതികളായ രണ്ടു പോലിസുകാര്‍ ദുബയിലേക്ക് കടന്നതായി സൂചന
