സൂറിച്ച്:ലോക ചാമ്പ്യൻഷിപ്പിലെ പ്രകടനം ആവർത്തിക്കാനായില്ല.സൂറിച്ചിലെ ഡയമണ്ട് ലീഗില്‍ ഇന്ത്യന്‍ ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം. 85.71 മീറ്റര്‍ ദൂരം എറിഞ്ഞ നീരജ് വെള്ളിമെഡല്‍ നേടി. ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കൂബ് വാഡ്ലെഷെയ്ക്കാണ് സ്വര്‍ണം. 85.86 മീറ്റര്‍ ദൂരമാണ് ജാക്കൂബ് കണ്ടെത്തിയത്.
മോശം തുടക്കമാണ് നീരജിനു ലഭിച്ചത്. ആദ്യ ശ്രമത്തില്‍ 80.79 എറിഞ്ഞ താരം പിന്നീട് തുടരെ രണ്ട് ഫൗള്‍ ത്രോകള്‍ എറിഞ്ഞു. സാധാരണയായി ആദ്യ ത്രോകളില്‍ തന്നെ മികച്ച ദൂരം കണ്ടെത്താറുള്ള നീരജ് നാലാം ത്രോയിലാണ് ഇത്തവണ ഈ നേട്ടത്തിലെത്തിയത്. നാലാം ത്രോയില്‍ 85.22 മീറ്റര്‍ ദൂരമെറിഞ്ഞ നീരജിന്റെ അഞ്ചാം ത്രോ വീണ്ടും ഫൗളായി. നിര്‍ണായകമായ അവസാന ത്രോയില്‍ 85.71 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ എറിഞ്ഞ് നീരജ് രണ്ടാം സ്ഥാനം പിടിക്കുകയായിരുന്നു. സീസണില്‍ ഇത് ആദ്യമായാണ് ഏതെങ്കിലുമൊരു മത്സരത്തില്‍ നീരജിന് സ്വര്‍ണം ലഭിക്കാതിരിക്കുന്നത്.
85.04 മീറ്റര്‍ ദൂരം കണ്ടെത്തിയ ജര്‍മനിയുടെ ജൂലിയന്‍ വെബര്‍ വെങ്കലം നേടി. ബുഡാപെസ്റ്റിലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ പാക്കിസ്ഥാന്റെ അര്‍ഷാദ് നദീം ഈ മത്സരത്തില്‍ കളിച്ചിരുന്നില്ല. ഈ സീസണില്‍ മൂന്ന് മത്സരങ്ങള്‍ക്ക് ഇറങ്ങിയ നീരജ് ഒരിക്കല്‍ പോലും തോല്‍വി നേരിട്ടിട്ടില്ല. ലോക ചാമ്പ്യന്‍ഷിപ്പ് കൂടാതെ ദോഹ, ലൊസാനെ ഡയമണ്ട് ലീഗില്‍ മിന്നുന്ന ജയമാണ് അദ്ദേഹം നേടിയത്. ദോഹയില്‍ 88.67 മീറ്ററും ലോസാനില്‍ 87.66 മീറ്ററും നീരജ് പിന്നിട്ടു. ബുഡാപെസ്റ്റില്‍ 88.17 മീറ്റര്‍ ദൂരവും നീരജ് കണ്ടെത്തി.
ജാവലിന്‍ ത്രോയില്‍ ഡയമണ്ട് ലീഗിലെ നാലാമത്തെയും അവസാനത്തെയും മത്സരമാണിത്. 2023 ലെ ഡയമണ്ട് ലീഗ് സ്റ്റാന്‍ഡിംഗില്‍ 16 പോയിന്റുമായി നീരജ് ചോപ്ര നിലവില്‍ മൂന്നാം സ്ഥാനത്താണ്. ബുഡാപെസ്റ്റില്‍ 86.67 മീറ്റര്‍ താണ്ടി വെങ്കലം നേടിയ ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കൂബ് വാഡ്ലെഷെ മൂന്ന് മത്സരങ്ങളില്‍ നിന്ന് 21 പോയിന്റുമായി ഒന്നാം സ്ഥാനത്തും മൂന്ന് മത്സരങ്ങളില്‍ നിന്ന് 19 പോയിന്റുമായി ജര്‍മ്മനിയുടെ ജൂലിയന്‍ വെബര്‍ രണ്ടാമതുമാണ്.