അജണ്ട തെരഞ്ഞെടുപ്പ്മാത്രം : കോൺഗ്രസ് ഒറ്റക്കെട്ടായി നിൽക്കണം: ശശി തരൂർ

.പ്രതിപക്ഷത്തിന് മുന്നിൽ ഇനിയുള്ള അജണ്ട തെരഞ്ഞെടുപ്പ് മാത്രമാണെന്നും ഇതിനായി കോൺഗ്രസ് ഒന്നായി നിൽക്കണമെന്നും ശശി തരൂർ. പാർട്ടിയെ നന്നാക്കാൻ ഉള്ള ചർച്ച വരുമ്പോൾ തന്റെ അഭിപ്രായം പറയുമെന്നും പാർട്ടിയെ മുന്നോട്ടു കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്നും ശശി തരൂർ പറഞ്ഞു. കോൺഗ്രസ് പാർട്ടി നേതൃത്വം എല്ലാവരെയും കൂട്ടാൻ തീരുമാനിച്ചു. ജി 23 യിലെ പലരും പ്രവർത്തകസമിതിയിൽ ഉണ്ട്. കോൺഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിന് പിന്നാലെ ശശി തരൂർ പ്രതികരിച്ചു. .

രമേശ് ചെന്നിത്തലയ്ക്ക് നേതൃത്വത്തോട് എന്തെങ്കിലും പരിഭവമുള്ളതായി തന്നോട് പറഞ്ഞിട്ടില്ലെന്നും ശശി തരൂർ ഇന്ന് പ്രതികരിച്ചു. രമേശ് ചെന്നിത്തലയെ തനിക്ക് 16 വർഷമായി അറിയാം. അദ്ദേഹം ഏത് സ്ഥാനവും ചെയ്യാൻ കഴിവുള്ളയാളാണ്. അദ്ദേഹത്തിന് എന്തെങ്കിലും വിഷമം ഉണ്ടെങ്കിൽ പാർട്ടി ഉറപ്പായും സംസാരിച്ചു പരിഹരിക്കും. ആരെയും പിണക്കാനും മാറ്റിനിർത്താനും പാർട്ടിക്ക് ഒരു ആഗ്രഹവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ബിജെപി ബദലാകാൻ പ്രതിപക്ഷപാർട്ടികൾ രൂപീകരിച്ച ഇന്ത്യ കൂട്ടായ്മയിൽ ഭിന്നതയുണ്ടെന്ന് രാഹുൽ ഗാന്ധി തുറന്ന് സമ്മതിച്ചു. ഇന്ത്യ മുന്നണിയിലെ എല്ലാ ഭിന്നതയും അവസാനിക്കുമെന്നും ഇപ്പോൾ സഖ്യത്തിലെ ഭിന്നത മുൻപ് ഉണ്ടായിരുന്നതിനേക്കാൾ കുറഞ്ഞെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇനിയൊരു തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ബിജെപിക്ക് സാധിക്കില്ലെന്നും രാഹുൽ മുംബൈയിൽ പറഞ്ഞു.

ഇന്ത്യ മുന്നണിയുടെ ഏകോപനത്തിനായി പതിമൂന്നംഗ കോർഡിനേഷൻ കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്. ലോക്സഭയിലും രാജ്യസഭയിലുമായി അഞ്ചംഗങ്ങൾ വീതമുള്ള ഇന്ത്യ കൂട്ടായ്മയിലെ പാർട്ടികൾക്കാണ് 13 അംഗ സ്റ്റിയറിങ് കമ്മിറ്റിയിൽ പ്രാതിനിധ്യം നൽകിയിരിക്കുന്നത്. കെ സി വേണുഗോപാൽ, ശരദ് പവാർ, സഞ്ജയ് റാവത്ത്, എം കെ സ്റ്റാലിൻ, ഡി രാജ തുടങ്ങിയവരാണ് സമിതിയിൽ ഉള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →