ഒരു രാജ്യം, ഒരു ഇലക്ഷന്‍ ബില്‍:പ്രത്യേക സമിതിയെ നിയോഗിച്ച് കേന്ദ്രം

പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്‍ പാസാക്കിയേക്കും

ന്യൂഡല്‍ഹി: ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ബില്ലിന് തുടക്കമിട്ട് കേന്ദ്ര സര്‍ക്കാര്‍. ബില്‍ കൊണ്ടുവരുന്നതിനായി പഠിക്കാന്‍ മുന്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദ് അധ്യക്ഷനായി പുതിയ സമിതിയെ കേന്ദ്രം നിയമിച്ചു. സമിതി ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തുന്നതിന്റെ സാധ്യതകളും ഗുണദോഷങ്ങളും പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ലോക്ഭാ, നിമയസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തി കാര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാനാണു എന്‍.ഡി.എ. സര്‍ക്കാര്‍ പുതിയ ബില്‍ കൊണ്ടുവരുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. ഉടന്‍ നടക്കാന്‍ പോകുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ബില്‍ പാസാക്കുമെന്നാണ് സൂചന.
ലോക്സഭ തിരഞ്ഞെടുപ്പ് നേരത്തെയാക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് കേന്ദ്രം പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കുന്നത്. ഈ മാസം 18 മുതല്‍ 22 വരെ അഞ്ചു ദിവസത്തേക്കാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം നടപ്പിലാക്കുന്നത്. പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷി ഇന്നലെ വൈകിട്ട് ഇക്കാര്യം ട്വീറ്റ് ചെയ്യുകയായിരുന്നു. മോദി സര്‍ക്കാരിന്റെ അഭിമാന ബില്‍ പാസാക്കിയാല്‍ രാജ്യം തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമെന്നാണ് സുചന.
അടുത്ത വര്‍ഷം പകുതിയോടെ നടക്കേണ്ട പൊതുതിരഞ്ഞെടുപ്പ് ജനുവരിയിലാക്കാനാണു തീരുമാനം. ഇതിലൂടെ ഈ കൊല്ലവും അടുത്ത കൊല്ലവുമായി നടക്കേണ്ട 12 നിയമസഭാ തിരഞ്ഞെടുപ്പുകളും ഒപ്പം നടത്തി പരാമാവധി വിജയം കൈവരിക്കാനാണ് എന്‍.ഡി.എ ലക്ഷ്യമിടുന്നതെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍. ഡിസംബറിലോ, ജനുവരിയിലോ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതിപക്ഷ നേതാക്കളും വിലയിരുത്തുന്നത്.
പ്രതിപക്ഷ മുന്നണിയായ ‘ഇന്ത്യ’യുടെ യോഗം മുംബൈയില്‍ ആരംഭിച്ച ദിവസം തന്നെയാണ് ബില്ലിനെ കുറിച്ചുള്ള സൂചനകള്‍ വന്നതും. ഇന്ത്യ മുന്നണി ശക്തമാകാന്‍ സമയം നല്‍കാതിരിക്കുക, ചന്ദ്രയാന്‍, ആദിത്യ വിക്ഷേപണം, ജി 20 ഉച്ചകോടി തുടങ്ങിയ വിഷയങ്ങള്‍ വോട്ടാക്കി മാറ്റുക എന്നീ ലക്ഷ്യങ്ങളും പ്രത്യേക സമ്മേളനം തിടുക്കത്തില്‍ വിളിച്ചതിന് പിന്നിലെ ലക്ഷ്യമായിട്ടാണ് കരുതുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →