പ്രൊ റോള്‍ബോള്‍ ലീഗ്താരലേലം നടന്നു

മുംബൈ: അടുത്തവര്‍ഷം ഏപ്രിലില്‍ നടക്കുന്ന യുഗ സ്‌പോര്‍ട്‌സ് ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് പ്രൊ റോള്‍ബോള്‍ ലീഗിനുള്ള ലോഗൊയും ജഴ്സിയും പ്രകാശനം ചെയ്തു. ഇതോടൊപ്പം താരങ്ങളുടെ ലേലവും നടന്നു. റോളര്‍സ്‌കേറ്റുകളില്‍ ഒഴുകി ബോളുകള്‍കൊണ്ട് എറിഞ്ഞ് ഗോളുകള്‍ തീര്‍ക്കുന്ന റോള്‍ബോള്‍ അതിവേഗതയും കൗശലവും സമന്വയിക്കുന്ന ഇന്ത്യയുടെ തനത് കളികളിലൊന്നാണ്. അതിവേഗം വളരുന്ന ഈ കായിക ഇനത്തിന്റെ പ്രചാരണത്തിനും രാജ്യത്തിന്റെ കായിക മികവിനുമായാണ് അടുത്ത വര്‍ഷം മുതല്‍ പ്രൊ റോള്‍ബോള്‍ ലീഗിന് ഏഷ്യന്‍ റോള്‍ബോള്‍ ഫെഡറേഷന്‍ പദ്ധതിയിട്ടിരിക്കുന്നത്. ഏഷ്യന്‍ റോള്‍ബോള്‍ ഫെഡറേഷനില്‍നിന്ന് യുഗ സ്പോര്‍ട്‌സ് ആന്റ് എന്റര്‍ടെയ്ന്‍മെന്റാണ് ലീഗിനുള്ള അവകാശം നേടിയത്. മുംബൈയിലെ ഐടിസി ഗ്രാന്‍ഡ് ഹോട്ടലില്‍ നടന്ന പ്രകാശനച്ചടങ്ങില്‍ യുഗ സ്‌പോര്‍ട്‌സ് സ്ഥാപകനും സിഇഒയുമായ സിദ്ധാര്‍ഥ് മേത്തയ്‌ക്കൊപ്പം എട്ട് ഫ്രാഞ്ചൈസികളുടെയും ഉടമകളും കോച്ചുമാരും താരങ്ങളും പങ്കെടുത്തു.
എ,ബി,സി എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണു ലേലം നടന്നത്. അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുത്ത ഇന്ത്യക്കാരാണ് എ വിഭാഗത്തില്‍. ബി വിഭാഗത്തില്‍ ദേശീയ താരങ്ങളും സി വിഭാഗത്തില്‍ വിദേശതാരങ്ങളും ഉള്‍പ്പെടുന്നു. ഒന്നര ലക്ഷം രൂപയാണ് താരങ്ങളുടെ അടിസ്ഥാന വില. ഏഷ്യന്‍ റോള്‍ ബോള്‍ ഫെഡറേഷന്‍ 34 താരങ്ങളെ ലേലത്തിനായി നേരത്തെ നാമനിര്‍ദേശം ചെയ്തിരുന്നു. ഇറാന്‍, ബെലാറസ്, ഒമാന്‍, ഈജിപ്ത്, കെനിയ, സെനഗല്‍, പോളണ്ട്, ശ്രീലങ്ക, സൗദി അറേബ്യ, ഇംഗ്ലണ്ട്, അര്‍ജന്റീന, ഫ്രാന്‍സ്, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള താരങ്ങളും ഉള്‍പ്പെടെ 128 പേരുടെ ലേലമാണ് നടന്നത്.
പൂനെ സ്വദേശിയായ രാജു ദഭാദെയാണ് റോള്‍ ബോളിന്റെ ഉപജ്ഞാതാവ്. ലോകമാകെ 60 രാജ്യങ്ങളില്‍ റോള്‍ബോളിന് ആരാധകരുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →