രാഷ്ട്രീയകരുക്കളില്‍ ഉരുകുന്ന പാകിസ്ഥാന്റെ കഥ

രാഷ്ട്രീയ പ്രതിസന്ധികള്‍ തുടര്‍ക്കഥയായ രാജ്യമാണ് പാകിസ്ഥാന്‍. നാഷനല്‍ അസംബ്ലി പിരിച്ചുവിട്ട് പ്രധാനമന്ത്രി ശഹബാസ് ശരീഫ് സര്‍ക്കാര്‍ പുതിയ തിരഞ്ഞെടുപ്പിലേക്ക് നീങ്ങിയതാണ് ഇതില്‍ അവസാനത്തേത്. 90 ദിവസത്തിനകം തിരഞ്ഞെടുപ്പ് നടക്കണമെന്നാണ് ചട്ടം. തിരഞ്ഞെടുപ്പിലേക്ക് പോകുന്നുവെന്ന് ശഹബാസ് ശരീഫ് പ്രഖ്യാപിച്ചത് മുന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാനെ അഴിമതിയാരോപണത്തില്‍ കോടതി മൂന്ന് വര്‍ഷം തടവിന് ശിക്ഷിക്കുകയും അഞ്ച് വര്‍ഷത്തേക്ക് രാഷ്ട്രീയത്തില്‍ നിന്ന് വിലക്കുകയും ചെയ്തതിന് പിറകേയാണ്. കേസുകളില്‍ കുടുക്കി നേതാക്കളെ പൊതു രംഗത്ത് നിന്ന് നീക്കുകയെന്നത് പാക് രാഷ്ട്രീയത്തില്‍ പുതുമയുള്ള കാര്യമേയല്ല. പാനമഗേറ്റ് കേസിലും അല്‍ അസീസിയ മില്‍സ് കേസിലും നവാസ് ശരീഫിനെ കുടുക്കി. 2016ല്‍ സുപ്രീം കോടതി വിധിയോടെ പ്രധാനമന്ത്രിപദം പോയി. വരവില്‍ കവിഞ്ഞ സ്വത്ത് കേസില്‍ മറിയം ശരീഫും ശഹബാസ് ശരീഫും കുടുങ്ങി. അഴിമതി വിരുദ്ധ ഏജന്‍സിയായ നാഷനല്‍ അക്കൗണ്ടബിലിറ്റ് ബ്യൂറോയാണ് ഈ കേസുകള്‍ കൈകാര്യം ചെയ്തത്. മില്‍സ് കേസില്‍ ഏഴ് വര്‍ഷം ശിക്ഷിക്കപ്പെട്ട നവാസ് ശരീഫ് കോട്ട് ലഖ്പത് ജയിലില്‍ കഴിയുകയായിരുന്നു. സഊദിയില്‍ ഉരുക്കു കമ്പനി തുടങ്ങാനുപയോഗിച്ച പണം അനധികൃതമാണെന്നതായിരുന്നു കേസ്. 2019 നവംബറില്‍ ചികിത്സക്കായി ലണ്ടനിലേക്ക് പോകാന്‍ അനുമതി തരപ്പെടുത്തി. അവിടയങ്ങ് കൂടി.ഇംറാന്‍ ഖാന്‍ പ്രധാനമന്ത്രിയായപ്പോള്‍ നവാസ് ശരീഫ് ജയിലിലും കോടതി വരാന്തയിലുമായിരുന്നു. അതേ നില തിരിച്ച് ആവര്‍ത്തിക്കുന്നു. പുതിയ രാഷ്ട്രീയ കാലാവസ്ഥയിലേക്ക് ശരീഫ് തിരിച്ചു വരാനിരിക്കുകയാണ്.

ഇംറാനെതിരായ കേസ്

തോഷാഖാനയില്‍ നിന്ന് 140 ദശലക്ഷം പാക് രൂപ വിലയുള്ള സാധനങ്ങള്‍ തെറ്റായ വിവരങ്ങള്‍ നല്‍കി വാങ്ങി എന്നാണ് ഇംറാനെതിരായ കേസ്. വിവിധ കാലങ്ങളില്‍ ഭരണ തലപ്പത്തിരിക്കുന്നവര്‍ക്ക് ലഭിക്കുന്ന അമൂല്യ ഉപഹാരങ്ങളുടെ സൂക്ഷിപ്പാണ് തോഷാഖാന. ആഗസ്റ്റിലാണ് നിലവിലെ സര്‍ക്കാര്‍ ഇംറാനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. അതിനും മുമ്പ് അവിശ്വാസ പ്രമേയം കൊണ്ടുവന്ന് ഇംറാനെ അധികാരത്തില്‍ നിന്ന് നീക്കുന്നതില്‍ പാക്കിസ്ഥാന്‍ മുസ്ലിം ലീഗ്- എന്‍ വിജയം കണ്ടിരുന്നു. അങ്ങനെയാണ് ശഹബാസ് ശരീഫ് അധികാരത്തിലെത്തിയത്. വില നല്‍കിയാണ് ഇംറാന്‍ ഖാന്‍ വസ്തുക്കള്‍ വാങ്ങിയതെന്ന് ഒക്ടോബറില്‍ കമ്മീഷന്‍ കണ്ടെത്തിയെങ്കിലും ചില വിവരങ്ങള്‍ മറച്ചു വെച്ചുവെന്ന് കമ്മീഷന്‍ വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ പാര്‍ലിമെന്റ് അംഗത്വം റദ്ദാക്കി. ഇതോടെ ഇംറാനും അനുയായികളും തെരുവിലിറങ്ങി. അതിനിടക്ക് കമ്മീഷന്‍ തന്നെ കോടതിയില്‍ പോയി. വളരെ പെട്ടെന്നാണ് നടപടിക്രമങ്ങള്‍ മുന്നോട്ട് പോയത്. ശിക്ഷ വന്നു, മൂന്ന് വര്‍ഷം തടവ്. അഞ്ച് വര്‍ഷത്തേക്ക് മത്സരിക്കുന്നതില്‍ നിന്ന് വിലക്ക്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് അദ്ദേഹത്തെ നീക്കം ചെയ്യാം; രാഷ്ട്രീയത്തില്‍ നിന്ന് നീക്കാനാകില്ലെന്നാണ് ഇംറാന്റെ അനുയായികള്‍ നല്‍കുന്ന മറുപടി. പക്ഷേ, സൈന്യമാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ജനറല്‍മാരുടെ അപ്രീതിക്ക് പാത്രമായ ഇംറാന്റെ തിരിച്ചുവരവ് അങ്ങേയറ്റം ദുഷ്‌കരമാണ്. തിരഞ്ഞെടുപ്പ് ഗോദയില്‍ ഇംറാന്റെ എതിരാളികള്‍ക്കും കാര്യങ്ങള്‍ എളുപ്പമാകില്ല. അത്രമേല്‍ രൂക്ഷമാണ് ജീവിത പ്രയാസങ്ങള്‍.

കരുത്ത് രാഷ്ട്രീയ ലെഗസി

തീര്‍ച്ചയായും ഇംറാന്റെ എതിരാളികളുടെ കരുത്ത് രാഷ്ട്രീയ ലെഗസിയാണ്. പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ബിലാവല്‍ ഭൂട്ടോയുടെ കരുത്ത് ഭൂട്ടോ രക്തമാണ്. ബേനസീര്‍ ഭൂട്ടോയുടെ മകന്‍ എന്ന ഒറ്റ പ്രതിച്ഛായയാണ് അദ്ദേഹത്തിന്റെ മൂലധനം. ശഹബാസ് ശരീഫാകട്ടേ നവാസ് ശരീഫിന്റെ സഹോദരനാണ്. മറിയം ശരീഫ് മകളും. ഇംറാന് ഇത്തരത്തിലുള്ള പാരമ്പര്യമല്ല ഉള്ളത്. അദ്ദേഹം ക്രിക്കറ്ററായിരുന്നു. 1992ല്‍ മെല്‍ബണില്‍ പാക്കിസ്ഥാന്‍ ലോകകപ്പ് കിരീടം ഉയര്‍ത്തുമ്പോള്‍ ക്യാപ്റ്റന്‍ ഇംറാനായിരുന്നു. പിന്നെയൊരിക്കലും പാക്കിസ്ഥാന്‍ കിരീട നേട്ടത്തിലെത്തിയില്ല. വിദേശത്ത് വിദ്യാഭ്യാസം. തുറന്ന സമീപനം. പൊതു പ്രവര്‍ത്തനത്തിനായി ആവേശം നിറച്ച ശരീര ഭാഷ. ചെറിയ ചെറിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ പൊതു പ്രവേശം. 1996 ഏപ്രില്‍ 25ന് പാക്കിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് എന്ന പുതിയ പാര്‍ട്ടി രൂപവത്കരിച്ചു. 2013ലെ തിരഞ്ഞെടുപ്പില്‍ നാലിടങ്ങളില്‍ മത്സരിച്ച ഇംറാന്‍ ഖാന്‍ മൂന്നിടത്ത് ജയിച്ചു. ലാഹോറില്‍ തോറ്റു. അന്നും അമേരിക്കന്‍ വിരുദ്ധ മുദ്രാവാക്യങ്ങളാണ് ഇംറാന്‍ ഉയര്‍ത്തിയിരുന്നത്. യുവാക്കള്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ തടിച്ചുകൂടി. ആ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി 34 സീറ്റുമായി സാന്നിധ്യമറിയിച്ചു. പലയിടത്തും ഇന്‍സാഫ് പിടിച്ച വോട്ടുകളാണ് പി പി പിയെ തകര്‍ത്തത്. ആ അര്‍ഥത്തില്‍ നവാസ് ശരീഫിന്റെ പി എം എല്ലിനെ വിജയിപ്പിച്ചത് ഇംറാനാണെന്ന് പറയാം. 2018 ആയപ്പോഴേക്കും മത ദേശീയതയിലേക്ക് കൂടി ഇംറാന്‍ ചുവടുമാറി. തീവ്രമതവികാരമുള്ള പാര്‍ട്ടികളെ പിന്തുണച്ചവരെ കൂടി ഇംറാന്‍ ലക്ഷ്യമിട്ടു. അഴിമതിവിരുദ്ധ ക്യാമ്പയിനിലൂടെ ജനങ്ങളുടെ മനം കവര്‍ന്നു. വലിയ പ്രശ്നങ്ങളില്ലാത്ത ദശകമായിരുന്നു അത്. ഉന്നത ശ്രേണിയിലുള്ളവരെയും താഴേത്തട്ടിലുള്ളവരെയും മറ്റ് പലരും പങ്കിട്ടെടുത്തപ്പോള്‍ ഇംറാന്റെ വോട്ട് ബേങ്ക് ഇടത്തരക്കാരായിരുന്നു. പഞ്ചാബിലെ പ്രബല സമൂഹം സൈനിക കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. മിക്ക കുടുംബങ്ങളിലും സൈനിക ഉദ്യോഗസ്ഥരുണ്ട്. മക്കളെയും മക്കളുടെ മക്കളെയും അവര്‍ സൈന്യത്തിലയക്കുന്നു. സൈനിക അപ്രമാദിത്വത്തിനെതിരെ നവാസ് നടത്തിയ നീക്കങ്ങള്‍ സ്വാഭാവികമായും ഇത്തരക്കാരെ അതൃപ്തരാക്കി. 2018ലെ തിരഞ്ഞെടുപ്പില്‍ ഈ രണ്ട് കൂട്ടരെയും ഇംറാന്‍ കൈയിലെടുത്തു. സൈന്യത്തെ വാതോരാതെ പുകഴ്ത്തി. സൈന്യം ഇംറാന് വേണ്ടി കരുക്കള്‍ നീക്കി. പ്രധാനമന്ത്രിപദത്തിലെത്തിയ ഇംറാന് ഒന്നും എളുപ്പമായിരുന്നില്ല. താന്‍ നല്‍കിയ മധുര മനോജ്ഞ വാഗ്ദാനങ്ങള്‍ മുഴുവന്‍ തിരിഞ്ഞു കുത്തി. സിവിലിയന്‍ സര്‍ക്കാറിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ കുടുക്കിയിടുന്നത് സൈന്യമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.

ഇംറാനെ കൈയൊഴിഞ്ഞ സൈന്യം

സൈന്യം ഇംറാനെ കൈയൊഴിയാന്‍ കാരണമായത് പ്രധാനമായും രണ്ട് സംഭവങ്ങളാണ്. ഐ എസ് ഐ മേധാവിയായ ജനറല്‍ ഫൈസ് ഹമീദിനെ കാലാവധി കഴിഞ്ഞും പദവിയില്‍ നിലനിര്‍ത്താന്‍ ഇംറാന്‍ ഖാന്‍ ശ്രമിച്ചുവെന്നതാണ് ഒരു പ്രശ്നം. ഇത് സൈനിക നേതൃത്വത്തിന് ഒട്ടും രസിച്ചില്ല. നിലവിലെ കരസേനാ മേധാവിയായ ജനറല്‍ ഖമര്‍ ജാവേദ് ബജ്വയുടെ പിന്‍ഗാമിയായി ജനറല്‍ ഹമീദിനെ കൊണ്ടുവരണമെന്ന ആഗ്രഹം മുന്നോട്ടുവെച്ചതാണ് ഇംറാനെയും സൈന്യത്തെയും വഴിപിരിച്ച രണ്ടാമത്തെ പ്രശ്നം. തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ പ്രധാനമന്ത്രിയെ അനുവദിക്കരുതെന്ന് സൈനിക നേതൃത്വം തീരുമാനിച്ചു. അങ്ങനെ സൈന്യത്തിന്റെ ആശീര്‍വാദത്തോടെ അവിശ്വാസ പ്രമേയം വന്നു. അതോടെ ഇംറാന്‍ പുറത്തായി

Share

About ശ്രുതി ലാൽ

View all posts by ശ്രുതി ലാൽ →