ന്യൂഡൽഹി: ചന്ദ്രയാൻ-3 ചന്ദ്രനിലിറങ്ങിയ സ്ഥലത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവശക്തി പോയിന്‍റ് എന്നു പേരിട്ടതിനെച്ചൊല്ലി രാഷ്‌ട്രീയ തർക്കം.
ചന്ദ്രോപരതിലത്തിനു പേരിടാൻ മോദി ആരാണെന്നും, അവിടം മോദിയുടെ വകയല്ലെന്നുമാണ് കോൺഗ്രസ് നേതാവ് റഷീദ് ആൽവി പ്രതികരിച്ചത്. ശിവശക്തി പോയിന്‍റ് എന്ന പേര് പരിഹാസ്യമാണെന്നും ലോകം മുഴുവൻ കളിയാക്കി ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
”നമ്മൾ അവിടെ ലാൻഡ് ചെയ്തു. അതിൽ നമുക്ക് അഭിമാനമുണ്ടെന്നതിൽ സംശയമില്ല. എന്നുവച്ച് ചന്ദ്രന്‍റെയോ ആ സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശം നമുക്കില്ല”, ആൽവി വിശദീകരിച്ചു.
എന്നാൽ, വിജയകരമായ ചന്ദ്രയാൻ 1 ദൗത്യം പൂർത്തിയാക്കി പേടകം ഇടിച്ചിറങ്ങിയ സ്ഥലത്തിന് ജവഹർ പോയിന്‍റ് എന്നു പേരിട്ടിരുന്നതു ചൂണ്ടിക്കാട്ടിയാണ് ബിജെപി ഇതിനെ പ്രതിരോധിക്കുന്നത്. മോദി സ്വന്തം പേരോ ഏതെങ്കിലും ബിജെപി നേതാക്കളുടെ പേരോ അല്ല ചന്ദ്രയാൻ 3 ലാൻഡിങ് സൈറ്റിനും നൽകിയതെന്നും പാർട്ടി പ്രതിനിധികൾ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, ജവഹർലാൽ നെഹ്റുവുമായി ഇതിനെ താരതമ്യം ചെയ്യാൻ പാടില്ലെന്നാണ് ആൽവിയുടെ മറുവാദം. ഐഎസ്ആർഒ ഇന്നെന്തായിട്ടുണ്ടെങ്കിലും അതിനു പിന്നിൽ നെഹ്റുവാണ്. 1962ൽ വിക്രം സാരാഭായിയും പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവും ചേർന്നാണ് ഐഎസ്ആർഒ സ്ഥാപിച്ചത്. അതു വ്യത്യസ്തമായ കാര്യമാണ്. മോദി ചെയ്യുന്നത് രാഷ്ട്രീയവത്കരണവും- ആൽവി പറഞ്ഞു.
കോൺഗ്രസ് വീണ്ടും ഹിന്ദു-വിരുദ്ധ നിലപാട് പരസ്യപ്പെടുത്തുന്നു എന്നാണ് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല പറഞ്ഞത്. രാമന്‍റെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്നതും രാമക്ഷേത്ര നിർമാണത്തെ എതിർക്കുന്നതും ഇതേ പാർട്ടിയാണെന്നും പൂനാവാല പറഞ്ഞു.

