ജി20 ഉച്ചകോടി: ഡല്‍ഹി എയര്‍പോര്‍ട്ടില്‍ 160 ആഭ്യന്തര സര്‍വ്വീസുകള്‍ റദ്ദാക്കും

ന്യൂഡല്‍ഹി: ജി20 ഉച്ചകോടിയെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തിലെ 160 ആഭ്യന്തര സര്‍വ്വീസുകള്‍ റദ്ദാക്കും. സെപ്റ്റംബര്‍ 8 മുതല്‍ 10 വരെ ഡല്‍ഹിയില്‍നിന്ന് പുറപ്പെടേണ്ട 80 വിമാനങ്ങളും, ഇവിടേക്ക് എത്തിച്ചേരേണ്ട 80 വിമാനങ്ങളും റദ്ദാക്കാന്‍ വിവിധ എയര്‍ലൈന്‍ കമ്പനികള്‍ അഭ്യര്‍ഥിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ഉച്ചകോടിയുടെ പശ്ചാതലത്തില്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി.എന്നാല്‍ റദ്ദാക്കുന്ന 160 വിമാനങ്ങള്‍, ഡല്‍ഹി വിമാനത്താവളത്തിലെ സാധാരണ സര്‍വീസുകളുടെ 6 ശതമാനം മാത്രമേ വരികയുള്ളൂ. വിമാനത്താവളത്തില്‍ പാര്‍ക്കിങ്ങിന്റെ പ്രശ്നമില്ലെന്നും രാജ്യന്തര വിമാന സര്‍വീസുകളെ ഉച്ചകോടി ബാധിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
ജി20 രാജ്യങ്ങളുടെ സമ്മേളനത്തിനു മുന്നോടിയായി രാജ്യ തലസ്ഥാനത്ത് വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കുന്നത്. നേരത്തെ, സമ്മേളന ദിവസങ്ങളില്‍ ഗതാഗത നിയന്ത്രണമുണ്ടാകുമെന്നും വിമാനത്താവളത്തില്‍ എത്തേണ്ടവര്‍ ഡല്‍ഹി മെട്രോയുടെ സേവനം പ്രയോജനപ്പെടുത്തണമെന്നും പോലീസ് അറിയിച്ചിരുന്നു. ഡല്‍ഹിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം സേനാവിന്യാസം ശക്തിപ്പെടുത്തിയിട്ടുണ്ട്. ഡല്‍ഹിയില്‍ വച്ച് സെപ്റ്റംബര്‍ 9, 10 തീയതികളിലാണ് ഉച്ചകോടി നടക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →