ബോളിവുഡ് ഗാനരചയിതാവ് ദേവ് കോഹ്ലി അന്തരിച്ചു

മുംബൈ: ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളുടെ രചയിതാവ് ദേവ് കോഹ്ലി (80) അന്തരിച്ചു. ഇന്നലെ മുംബൈയിലായിരുന്നു അന്ത്യം. തൊണ്ണൂറുകളില്‍ യുവാക്കളുടെ ഹരമായ ഹിറ്റ് ഗാനങ്ങള്‍ക്കായി തൂലിക ചലിപ്പിച്ച കോഹ്ലി ബോളിവുഡിലെ ഏറ്റവും മികച്ച ഗാനരചയിതാവായിട്ടാണ് അറിയപ്പെടുന്നത്.
ഏതാനും മാസങ്ങളായി അസുഖബാധിതനായ അദ്ദേഹം മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 10 ദിവസം മുമ്പ് തിരികെ വീട്ടിലെത്തി. എന്നാല്‍, ഇന്നലെ പുലര്‍ച്ചെയോടെ ആരോഗ്യനില വഷളായി വൈകാതെ മരിക്കുകയായിരുന്നെന്നു ദേവ് കോഹ്ലിയുടെ വക്താവ് പ്രീതം ശര്‍മ പറഞ്ഞു. സംസ്‌കാരം നടത്തി.
മേനേ പ്യാര്‍ കിയാ, ബാസീഗര്‍, ജുഡ്വാ 2, മുസാഫിര്‍, ഹം ആപ് കെ ഹെ കോന്‍, ഷൂട്ട് ഔട്ട് അറ്റ് ലോഖണ്ഡ്വാല, ടാക്സി നമ്പര്‍ 9 2 11 എന്നിവയുള്‍പ്പെടെ 100-ലധികം ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ ദേവ് കോഹ്ലി പ്രശസ്തനായിരുന്നു. അനു മാലിക്, റാം ലക്ഷ്മണ്‍, ആനന്ദ് രാജ് ആനന്ദ്, ആനന്ദ് മിലിന്ദ് തുടങ്ങിയ സംഗീത സംവിധായകരുമായി അദ്ദേഹം സഹകരിച്ചിട്ടുണ്ട്.
ഇന്നത്തെ പാകിസ്താനിലെ റാവല്‍പിണ്ടിയില്‍ സിഖ് കുടുംബത്തിലായിരുന്നു ജനനം. വിഭജനത്തെത്തുടര്‍ന്നു ഡെറാഡൂണിലേക്ക് താമസം മാറി. 1964-ല്‍ മുംബൈയിലെത്തിയ കോഹ്ലി ചലച്ചിത്ര മേഖലയില്‍ ജോലികള്‍ അന്വേഷിക്കാന്‍ തുടങ്ങി.
1969-ല്‍ പുറത്തിറങ്ങിയ ഗുണ്ട എന്ന ചിത്രത്തിലൂടെ അദ്ദേഹം ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു. 1971-ല്‍ പുറത്തിറങ്ങിയ ‘ലാല്‍ പഥര്‍’ എന്ന ചിത്രത്തിലെ ‘ഗീത് ഗാതാ ഹൂം മേ’ എന്ന ഗാനം അദ്ദേഹത്തിന്റെ കരിയറില്‍ വഴിത്തിരിവായി. ‘മേനേ പ്യാര്‍ കിയാ’ എന്ന സല്‍മാന്‍ ഖാന്‍ ചിത്രത്തിലെ ‘കബൂത്തര്‍ ജാ ജാ ജാ’ എന്ന ഗാനം തൊണ്ണൂറുകളിലെ വമ്പന്‍ ഹിറ്റുകളിലൊന്നായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →