മാനന്തവാടി: തോട്ടം തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് പേർ മരിച്ച സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി വയനാട് എംപി രാഹുൽ ഗാന്ധി. അപകട വിവരം അറിഞ്ഞയുടനെ ജില്ലാ അധികാരികളുമായി ബന്ധപ്പെട്ടുവെന്നും നടപടികൾ വേഗത്തിലാക്കാൻ ആവശ്യപ്പെട്ടതായും രാഹുൽ ഗാന്ധി അറിയിച്ചു.
മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടേയെന്നും ട്വീറ്റിൽ രാഹുൽ ഗാന്ധി പറഞ്ഞു.ഉച്ച കഴിഞ്ഞ് 3.30 ഓടെയാണ് വയനാട് തലപ്പുഴ കണ്ണോത്ത് മലയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. ഡ്രൈവർ അടക്കം 14 പേരാണ് ജീപ്പിലുണ്ടായിരുന്നത്. മക്കിമല എസ്റ്റേറ്റ് തൊഴിലാളികളാണ് എല്ലാവരും.
ഒമ്പത് സ്ത്രീകൾ മരണപ്പെട്ടു. റാണി, ശാന്ത, ചിന്നമ്മ, ലീല, ഷാജ, റാബിയ, ശോഭന, മേരി, വസന്ത എന്നിവരാണ് മരണപ്പെട്ടത്. ഡ്രൈവർ മണി, ജയന്തി, ഉമാദേവി, ലത, മോഹനകുമാരി എന്നിവർ ചികിത്സയിലാണ്. കമ്പമല എസ്റ്റേറ്റിലെ തൊഴിലാളികളാണ് എല്ലാവരും.

