അതിനാടകീയമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനെതിരെ കഴിഞ്ഞ ജൂണില്‍ കലാപം നയിച്ച വ്യക്തിയാണ് റഷ്യന്‍ കൂലിപ്പട്ടാളമായ വാഗ്‌നര്‍ ഗ്രൂപ്പിന്റെ തലവന്‍ യെവ്ഗിനി പ്രിഗോഷിന്‍. എന്നാല്‍ ഒരു കൂലിപ്പട്ടാളത്തലവന്‍ എന്നതിനപ്പുറം രാജ്യത്തെ ശതകോടീശ്വരരില്‍ ഒരാളാണ് പ്രിഗോഷിന്‍.
”ആ വിമാനം തിവീര്‍ മേഖലയില്‍ തകര്‍ന്നു. അതില്‍ യെവ്ഗിനി പ്രിഗോഷിനും ഉള്‍പ്പെടുന്നു.”- ഇത്രമാത്രമാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനു തലവേദനയുണ്ടാക്കിയ യെവ്ഗിനി പ്രിഗോഷിന്റെ മരണത്തെ കുറിച്ച് റഷ്യന്‍ വ്യോമയാന ഏജന്‍സി റൊസാവിയാറ്റ്‌സ്യ പുറത്തുവിട്ട റിപ്പോര്‍ട്ട്. വിമാനത്തിലെ യാത്രക്കാരുടെ പട്ടികയില്‍ പ്രിഗോഷിന്റെ പേരും ഉള്‍പ്പെട്ടിരുന്നു. പ്രിഗോഷിന്‍ ഉള്‍പ്പെടെ പത്തുപേര്‍ വിമാനത്തിലുണ്ടായിരുന്നു എന്നാണു വിവരം. വിമാനം താഴെയിറങ്ങുന്നതിനിടെയായിരുന്നു തീപിടിച്ചു തകര്‍ന്നത്. പുട്ടിന്റെ അടുത്ത അനുയായിയും ആയിരുന്നു. നിരവധി കുറ്റകൃത്യങ്ങള്‍ ചെയ്ത് 9 വര്‍ഷത്തോളം ജയില്‍ശിക്ഷ അനുഭവിച്ച പ്രിഗോഷിന്‍ പുറത്തു വന്നയുടന്‍ കൈവച്ചത് ഭക്ഷ്യ ബിസിനസിലായിരുന്നു. ക്രെംലിനിലെ കേറ്ററിങ് കരാറുകള്‍ ഏറ്റെടുത്തും സൂപ്പര്‍ മാര്‍ക്കറ്റുകളും റസ്റ്ററന്റുകളും തുടങ്ങിയും പ്രിഗോഷിന്‍ പതിയെ വളര്‍ന്നു. പുട്ടിന്‍ റഷ്യന്‍ പ്രസിഡന്റായപ്പോള്‍ പ്രിഗോഷിന്‍ വളര്‍ന്നത് ശതകോടീശ്വരനായാണ്.
സേനയെ വളര്‍ത്തിയ പ്രിഗോഷിന്‍
റഷ്യയുടെ സ്വകാര്യ സൈന്യം എന്നാണ് വാഗ്‌നര്‍ സൈനികര്‍ തങ്ങളെ സ്വയം വിശേഷിപ്പിക്കുന്നത്. വ്യക്തികള്‍ക്കും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കും സംരക്ഷണം നല്‍കുന്നതിനായി രൂപീകരിക്കപ്പെട്ടതാണ് വാഗ്‌നര്‍ ഗ്രൂപ്പ്. എന്നാല്‍ പിന്നീട്, പണം വാങ്ങി യുദ്ധത്തിനും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ആളുകളെ നല്‍കുന്ന ഏജന്‍സിയായി ഇവര്‍ മാറി. റഷ്യന്‍ സൈന്യത്തിന് ഇടപെടാന്‍ കഴിയാത്ത ഇടങ്ങളില്‍ അവര്‍ കരുത്തുകാട്ടിത്തുടങ്ങി. പ്രധാനമായും ഖനിയുടമകളുംം ധനകാര്യ സ്ഥാപനങ്ങളുമാണ് വാഗ്‌നര്‍ ഗ്രൂപ്പിന്റെ സേവനം തേടിയെത്തിയത്. എതിരാളികളെ കൈകാര്യം ചെയ്യുന്നതിന് ആയുധങ്ങളുപയോഗിച്ച് തുടങ്ങിയതോടെ സ്വകാര്യ സൈനിക ഗ്രൂപ്പുകള്‍ മട്ടിലും കെട്ടിലും മാറിത്തുടങ്ങി. താമസിയാതെ റഷ്യയിലെ ചെറു സൈന്യമായി ഇവര്‍ മാറി. വാഗ്‌നര്‍ഗ്രൂപ്പിന്റെ വളര്‍ച്ചയ്ക്കായി പണമൊഴുക്കിയതും അധികാര സ്ഥാനങ്ങളില്‍നിന്ന് അനുമതി വാങ്ങിയതും സേനയെ വളര്‍ത്തിയതും പ്രിഗോഷിനാണ്.
യെവ്ഗിനി പ്രിഗോഷിന്റെ സ്വകാര്യ സേനയുടെ സേവനം ഏറ്റവുമധികം ഉപയോഗിച്ചത് പുട്ടിനായിരുന്നു. രാജ്യത്തിനുള്ളില്‍ തനിക്ക് എതിരെ ശബ്ദമുയര്‍ത്തുന്നവരെ നിശ്ശബ്ദമാക്കുന്നതിനുള്ള മികച്ച ആയുധമായിരുന്നു പുട്ടിന് ഈ കൂലിപ്പടയാളികള്‍. വിദേശ രാജ്യങ്ങളിലെ റഷ്യന്‍ ദൗത്യങ്ങള്‍ക്കും വാഗ്‌നര്‍ കൂലിപ്പടയാളികള്‍ നിയോഗിക്കപ്പെട്ടു. പശ്ചിമേഷ്യയില്‍ റഷ്യയുടെ പല സൈനിക ഇടപെടലുകളിലും വാഗ്‌നര്‍ കൂലിപ്പടയാളികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. രാജ്യാന്തരതലത്തിലുള്ള സൈനിക നിയമങ്ങളൊന്നും ഈ കൂലിപ്പട്ടാളത്തിനു ബാധകമല്ല എന്നതുകൊണ്ടു തന്നെയാണ് റഷ്യന്‍ സൈന്യത്തിനൊപ്പം വാഗ്‌നര്‍ പോരാളികളും യുദ്ധമുഖത്ത് എത്തുന്നത്.
യുക്രെയ്ന്‍ യുദ്ധത്തില്‍ പുട്ടിന്‍ യവ്ഗിനി പ്രിഗോഷിന്റെയും വാഗ്‌നര്‍ കൂലിപ്പട്ടാളത്തിന്റെയും സഹായം തേടി. ”2014 മേയ് ഒന്നിന്, ഒരു കൂട്ടം ദേശസ്‌നേഹികള്‍ ജനിച്ചു, അത് പിന്നീട് വാഗ്‌നര്‍ ബറ്റാലിയന്‍ എന്ന് വിളിക്കപ്പെട്ടു”- എന്നാണ് വാഗ്‌നര്‍ ഗ്രൂപ്പിന്റെ തുടക്കത്തെക്കുറിച്ച് യവ്ഗിനി പ്രിഗോഷിന്‍ പറഞ്ഞത്.
യുക്രെയ്‌നുമായുള്ള യുദ്ധത്തില്‍ വാഗ്‌നര്‍ ഗ്രൂപ്പ് റഷ്യന്‍ സൈന്യത്തിനു മികച്ച പിന്തുണ നല്‍കി. റഷ്യ യുക്രെയിനില്‍ നടത്തിയ അധിനിവേശം 16 മാസം പിന്നിട്ടപ്പോഴാണ് പ്രിഗോഷിനും വാഗ്‌നര്‍ സൈന്യവും പുട്ടിനു നേരെ തിരിഞ്ഞത്. എന്നാല്‍ കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ വാഗ്‌നര്‍ ഗ്രൂപ്പിന് യുക്രെയ്‌നില്‍ നിന്ന് തിരിച്ചടികള്‍ ഉണ്ടായി. വാഗ്‌നര്‍ സേനയെ വേണ്ടത്ര പിന്തുണയ്ക്കുന്നതില്‍ റഷ്യന്‍ പ്രതിരോധ മന്ത്രാലയം പരാജയപ്പെട്ടെന്ന് പ്രിഗോഷിന്‍ വിമര്‍ശിച്ചു. ആയുധങ്ങളും പിന്തുണയും ലഭിച്ചില്ലെങ്കില്‍ തന്റെ സൈനികരെ യുക്രെയ്‌നില്‍നിന്ന് പിന്‍വലിക്കുമെന്ന് പ്രിഗോഷിന്‍ ഭീഷണി മുഴക്കി. എന്നാല്‍ റഷ്യന്‍ പ്രതിരോധ മന്ത്രാലയം അതില്‍ പ്രതികരിക്കാതായതോടെ വാഗ്‌നര്‍ കൂലിപ്പട്ടാളം മോസ്‌കോയ്ക്ക് നേരെ തിരിഞ്ഞു.
പുട്ടിനെതിരായ നീക്കം പരാജയപ്പെട്ടതോടെ പ്രിഗോഷിന്‍ പൊതുവിടങ്ങളില്‍ നിന്ന് അപ്രത്യക്ഷനായി. പ്രിഗോഷിന്‍ ജയിലിലടയ്ക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടാകാമെന്ന റിപ്പോര്‍ട്ടുകളും നേരത്തേ പുറത്തുവന്നിരുന്നു. ഇനി പ്രിഗോഷിന്‍ പുറംലോകം കാണില്ലെന്ന രീതിയിലുള്ള അഭ്യൂഹങ്ങളും ഉണ്ടായി. എന്നാല്‍ ഈ അഭ്യൂഹങ്ങള്‍ക്കെല്ലാം വിരാമമിട്ട് യെവ്ഗിനി പ്രിഗോഷിന്‍ റഷ്യയിലേക്ക് വീണ്ടും മടങ്ങിയെത്തി. അട്ടിമറി നീക്കങ്ങളില്‍നിന്ന് പി•ാറിയ പ്രിഗോഷിനെതിരെയും വാഗ്‌നര്‍ ഗ്രൂപ്പിനെതിരെയും ഉണ്ടായിരുന്ന കേസുകളും റഷ്യ പിന്‍വലിച്ചിരുന്നു. അതിനിടയിലാണ് അതി നാടകീയമായി പ്രിഗോഷിന്‍ കൊല്ലപ്പെട്ട വാര്‍ത്ത പുറത്തുവന്നത്. പുടിന്‍ അറിയാതെ ഒന്നും സംഭവിക്കില്ലെന്ന ഉറച്ച നിലപാട് സ്വീകരിച്ചിരിക്കുകയാണ് റഷ്യയ്‌ക്കെതിരായ ലോകരാഷ്ട്രങ്ങള്‍. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇത് വളരെ വ്യക്തമായി തന്നെ പറഞ്ഞുകഴിഞ്ഞു.