കോട്ടയം: പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തെ വിമർശിച്ചും പരിഹസിച്ചും കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. മുഖ്യമന്ത്രി മറുപടി പറയുമെന്ന് കേരളം പ്രതീക്ഷിച്ചിരുന്ന അനേകം ചോദ്യങ്ങളിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടിയെന്നും കെ പി സി സി അധ്യക്ഷൻ അഭിപ്രായപ്പെട്ടു. പുതുപ്പള്ളിയിൽ മുഖ്യമന്ത്രി എണ്ണിപ്പറഞ്ഞത് മുഴുവൻ ഉമ്മൻചാണ്ടിയുടെ നേട്ടങ്ങളാണെന്നാണ് സുധാകരൻ പ്രസ്താവനയിലൂടെ പറഞ്ഞത്.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഭരണ നേട്ടങ്ങളെ സ്വന്തം നേട്ടങ്ങളാക്കി പുതുപ്പള്ളിയിൽ നിന്ന് എണ്ണിയെണ്ണിപ്പറഞ്ഞ മുഖ്യമന്ത്രിക്ക്, അദ്ദേഹത്തിന്റെ സർക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് ഒരക്ഷരം പോലും പറയാൻ ഇല്ലായിരുന്നെന്നെന്നും സുധാകരൻ പരിഹസിച്ചു.
സുധാകരന്റെ വാക്കുകൾ : മുഖ്യമന്ത്രി തന്റേതാക്കാൻ ശ്രമിക്കുന്ന കണ്ണൂർ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, മലയോര ഹൈവെ തുടങ്ങിയവയെല്ലാം ഉമ്മൻ ചാണ്ടിയുടെ ഭരണ നേട്ടങ്ങളാണെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. അവയൊന്നും സ്വന്തമാക്കാൻ പിണറായി വിജയന് സാധിക്കില്ല. ഗെയിൽ പദ്ധതി, ദേശീയപാതാ തുടങ്ങിയവയ്‌ക്കെതിരെ സി പി എംപ്രക്ഷോഭം നടത്തി തടസ്സപ്പെടുത്തിയില്ലായിരുന്നെങ്കിൽ അതും ഉമ്മൻചാണ്ടിയുടെ ഭരണ നേട്ടത്തിൽ ഉൾപ്പെടുമായിരുന്നു. വികസനകാര്യത്തിൽ പുതുപ്പള്ളി മറ്റൊരു മണ്ഡലത്തിനും പുറകിലല്ല. മറ്റു മണ്ഡലങ്ങളെക്കാളും മുകളിലുമാണ്.
പിണറായി സർക്കാരിന്റെ തുടർച്ചയായ ഭരണം കേരളത്തെ വൻ പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണ്. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഇത് വറുതിയുടെയും വേദനയുടെയും ഓണമാണ്. കടുത്ത സാമ്പത്തിക ബുദ്ധുമുട്ടിലൂടെ കടന്ന് പോകുന്ന സാധാരണക്കാർക്ക് റേഷൻകടകളിൽ നിന്നോ സപ്ലൈകോ ഉൾപ്പെടെയുള്ള ന്യായവില സ്റ്റോറുകളിൽ നിന്നോ അവശ്യസാധനങ്ങൾ ലഭിക്കുന്നില്ല. പ്രളയകാലത്തും കോവിഡ് കാലത്തും ഉണ്ടായതിനേക്കാൾ വലിയ ദുരിതമാണ് ഈ ഓണക്കാലത്ത് ഓരോ മലയാളിക്കും സംഭവിച്ചിരിക്കുന്നത്. കെ എസ് ആർ ടി സി ജീവനക്കാർക്ക് എല്ലാമാസവും മുടങ്ങാതെ ശമ്പളം നൽകണമെന്ന് പറഞ്ഞ് ഹൈക്കോടതി പോലും നാണം കെട്ടിരിക്കുകയാണ്.
കണ്ണൂർ സർവകലാശാലയിൽ അനധികൃതമായി നിയമിക്കപ്പെട്ട വൈസ് ചാൻസിലർ പി ജി ഇംഗ്ലീഷിലെ പാഠ്യപദ്ധതിയിൽ കെ കെ ശൈലജയുടെ ആത്മകഥ ഉൾപ്പെടുത്തി വീണ്ടും വിധേയത്വം കാട്ടിയിരിക്കുകയാണ്. പാഠ്യപദ്ധതിയിൽ സംഘപരിവാർ അജണ്ട അടിച്ചേൽപ്പിക്കുന്ന കേന്ദ്ര സർക്കാരും പിണറായി സർക്കാരും തമ്മിൽ എന്താണ് വ്യത്യാസം? ഇതും ഭരണ നേട്ടമായി പിണറായി വിജയന് പ്രസംഗിക്കാവുന്നതാണെന്ന് സുധാകരൻ പരിഹസിച്ചു.
കരിവന്നൂർ സഹകരണ ബാങ്കിലെ 300 കോടിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻമന്ത്രി എ സി മൊയ്ദീന്റെ വീട്ടിലും ഓഫീസിലും നടത്തിയ റെയ്ഡിൽ കണ്ടെത്തിയ കോടികളുടെ പണമിടപാട് കേരളത്തെ ഞെട്ടിച്ചു. മുൻ ഇടതു മന്ത്രിമാരും ഇപ്പോഴുള്ളവരും ഇത്തരം ആരോപണങ്ങളുടെ മുൾമുനയിലാണ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൈതോലപ്പായയും മാസപ്പടിയും എ ഐ ക്യാമറ ഇടപാടും സ്വർണ്ണക്കടത്തും ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് ഉയർന്നിട്ടുള്ളത്. ഇതേക്കുറിച്ചോ സഹപ്രവർത്തകരുടെ തട്ടിപ്പുകളെക്കുറിച്ചോ ഒരക്ഷരം പറയാനുള്ള ത്രാണി മുഖ്യമന്ത്രിക്കില്ലെന്നും സുധാകരൻ പറഞ്ഞു.