മാധ്യമങ്ങളെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങൾ നിർബാധം കള്ളക്കഥ മെനയുന്നെന്നും യുഡിഎഫ്-ബിജെപി കൂട്ടുകെട്ടിന്റെ മെഗാ ഫോണായി മാധ്യമങ്ങൾ പ്രവർത്തിക്കുന്നെന്നും മുഖ്യമന്ത്രി വിമർശിച്ചു. ദേശാഭിമാനിയുടെ ഗൾഫ് എഡിഷൻ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഓൺലൈൻ ആയാണ് മുഖ്യമന്ത്രി പങ്കെടുത്തത്.
അടിസ്ഥാന രഹിതവും ദുരപദിഷ്ടമായ ആക്ഷേപങ്ങൾ ഉന്നയിച്ച് ജന ശ്രദ്ധ തിരിക്കുന്നു. ഇതിന് യുഡിഎഫും ബിജെപിയും ഒറ്റക്കെട്ടായി മാധ്യമങ്ങൾക്ക് ഒപ്പം നിൽക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനവിധി മാനിക്കാനുള്ള സഹിഷ്ണുത മാധ്യമങ്ങൾക്കും പ്രതിപക്ഷത്തിനുമില്ല. സർക്കാരിന്റെ ജന പക്ഷ വികസനങ്ങൾ മറച്ചു പിടിക്കുന്നു.
പല മാധ്യമങ്ങളും സംഘപരിവാർ ഭീഷണിക്ക് വഴങ്ങി മുട്ടിൽ ഇഴയുകയാണെന്നും കേന്ദ്ര സർക്കാർ മാധ്യമങ്ങളെ വിലക്കെടുത്ത് സ്വന്തം ചെയ്തികളെ വെള്ള പൂശുകയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. അതിന് വഴങ്ങാത്ത മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

