മലപ്പുറം : താനൂരിൽ പോലീസ് കസ്റ്റഡിയിൽ മരിച്ച താമിർ ജിഫ്രിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കർമസമിതിയുടെ നേതൃത്വത്തിൽ ശനിയാഴ്ച കളക്ടറേറ്റ് പടിക്കൽ ഉപവാസസമരം നടത്തി. കസ്റ്റഡിമരണത്തിന് ഉത്തരവാദികളായ ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസ്, താനൂർ ഡിവൈ.എസ്.പി. വി.വി. ബെന്നി, എ.എസ്.പി. ശഹൻഷ, താനൂർ സി.ഐ. ജീവൻ ജോർജ് എന്നിവരെ സർവീസിൽനിന്ന്് മാറ്റിനിർത്തി കേസ് അന്വേഷിക്കണമെന്നാണ് കർമസമിതിയുടെയും കുടുംബത്തിന്റെയും ആവശ്യം. ഇക്കാര്യത്തിൽ നടപടിയില്ലാതെ ഏത് ഏജൻസി അന്വേഷിച്ചാലും നീതി ലഭിക്കാനിടയില്ലെന്ന് താമിറിന്റെ സഹോദരൻ പി.എം. ഹാരിസ് ജിഫ്രി പറഞ്ഞു.
ദാരുണമായ കൊലപാതകത്തിന് ഉത്തരവാദികളായ ഉന്നതപോലീസ് ഉദ്യോഗസ്ഥരെ മാറ്റി നിർത്തിയില്ലെങ്കിൽ തുടർ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും അന്വേഷണം നീതിപൂർവമാകാൻ കോടതിയുടെ മേൽനോട്ടത്തിലാക്കണമെന്നും കർമസമിതി അംഗം യു.എ. റസാഖും പ്രതികരിച്ചു. കേസ് തേയ്ച്ചുമായ്്ച്ചുകളയാൻ ഉന്നതതലത്തിൽ നടക്കുന്ന ശ്രമങ്ങളെ ഗൗരവത്തിൽ കാണണമെന്നും താമിറിന്റെ ശരീരപരിശോധന നടത്തിയ പോലീസ് സർജനെതിരേ ജില്ലാപോലീസ് മേധാവി സർക്കാരിന് റിപ്പോർട്ട് നൽകിയ സംഭവം കേട്ടുകേൾവിയില്ലാത്തതാണെന്നും സമരം ഉദ്ഘാടനംചെയ്ത് കെ.പി.എ. മജീദ് എം.എൽ.എ. പറഞ്ഞു.
കർമസമിതി ഉപാധ്യക്ഷൻ പി.എം. റഫീഖ് അധ്യക്ഷതവഹിച്ചു. എം.എൽ.എ.മാരായ ടി.വി. ഇബ്രാഹീം, പി. ഉബൈദുള്ള, ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയ്, താമിറിന്റെ സഹോദരങ്ങളായ ഹാരിസ് ജിഫ്രി, ഫിറോസ്, സഹോദരിയുടെ മക്കളായ ജാബിർ, ജഹാൻ എന്നിവർ പങ്കെടുത്തു.