കണ്ണൂർ : ∙ അതീവസുരക്ഷയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്യ വന്ദേഭാരത് ട്രെയിൻ യാത്ര. 2023 ഓഗസ്റ്റ് 19 ന് വൈകിട്ട് 3.40ന് കണ്ണൂരിൽ നിന്ന് എറണാകുളത്തേക്കാണു മുഖ്യമന്ത്രി പോയത്. കഴിഞ്ഞ ദിവസങ്ങളിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ട്രെയിനുകൾക്കു നേരെ കല്ലേറുണ്ടായ സാഹചര്യത്തിൽ കനത്ത സുരക്ഷ ഒരുക്കിയിരുന്നു.
കണ്ണൂരിനും കോഴിക്കോട് ജില്ലയിലെ ചോമ്പാലയ്ക്കും ഇടയിൽ ട്രാക്കിൽ ഓരോ കിലോമീറ്ററിലും രണ്ടുവീതം പൊലീസുകാരെ നിയോഗിച്ചിരുന്നു. ഇതിനു പുറമേ, റെയിൽവേ സുരക്ഷാസേനയും (ആർപിഎഫ്) സുരക്ഷയൊരുക്കി.
സിറ്റി പൊലീസ് കമ്മിഷണർ അജിത് കുമാറിന്റെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിലും വൻ പൊലീസ് സന്നാഹമുണ്ടായിരുന്നു. കോഴിക്കോട് ഭാഗത്തേക്ക് ട്രെയിനുകൾ കണ്ണൂരിലെ മൂന്നാം പ്ലാറ്റ്ഫോം വഴിയാണു കടന്നുപോയിരുന്നത്. മുഖ്യമന്ത്രിക്കു വേണ്ടി വന്ദേഭാരതിനെ ഒന്നാം പ്ലാറ്റ്ഫോം വഴി കടത്തിവിട്ടു. പ്ലാറ്റ്ഫോം മാറ്റിയ വിവരം സ്റ്റേഷനിൽ പ്രത്യേക അനൗൺസ്മെന്റ് വഴി മറ്റു യാത്രക്കാരെ അറിയിച്ചു. ലിഫ്റ്റ് ഉപയോഗിക്കേണ്ടി വന്നാൽ സാങ്കേതിക തടസ്സങ്ങൾ ഒഴിവാക്കാൻ ലിഫ്റ്റ് സ്ഥാപിച്ച കമ്പനികളിൽ നിന്നുള്ള ജീവനക്കാരെ ഡ്യൂട്ടിക്കു നിയോഗിച്ചിരുന്നു….