വനിതാ ഫുട്‌ബോള്‍ ലോകകപ്പ് ഫൈനല്‍ ഇന്ന്: കന്നിക്കിരീടം ലക്ഷ്യമിട്ട്സ്‌പെയ്‌നും ഇംഗ്ലണ്ടും

സിഡ്‌നി: വനിതാ ഫുട്ബോള്‍ ലോകകപ്പിന്റെ പുതിയ കിരീടാവകാശി ആരെന്നറിയാന്‍ ഇനി ഒരു കടമ്പ കൂടി കടന്നാല്‍ മതി. ഞായറാഴ്ച നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ സ്പെയിനും ഇംഗ്ലണ്ടും ഏറ്റുമുട്ടും. ഇരുടീമുകളും കന്നിക്കിരീടം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. ശനിയാഴ്ച മൂന്നാംസ്ഥാനത്തിനായുള്ള ലൂസേഴ്സ് ഫൈനലില്‍ സ്വീഡന്‍ ഓസ്ട്രേലിയയെ നേരിടും.സ്പെയിനും ഇംഗ്ലണ്ടും ആദ്യമായാണ് ഫൈനലില്‍ കളിക്കുന്നത്. സ്വീഡനെ ഒന്നിനെതിരെ രണ്ട് ഗോളിന് മറികടന്ന് സ്പെയ്നാണ് ആദ്യം ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്. ആവേശപ്പോരാട്ടത്തില്‍ അവസാന 10 മിനിറ്റുകളിലാണ് മൂന്ന് ഗോളുകളും പിറന്നത്. സാല്‍മ പരല്യൂലോ, ഓല്‍ഗ കര്‍മോണ എന്നിവരാണ് 81,89 മിനിറ്റുകളില്‍ സ്പെയിനിനായി ഗോള്‍ നേടിയത്. രണ്ടാം സെമിയില്‍ ആതിഥേയരായ ഓസ്ട്രേലിയയുടെ കണ്ണീരു വീഴ്ത്തിയായിരുന്നു ഇംഗ്ലണ്ടിന്റെ ഫൈനല്‍ പ്രവേശം. ബുധനാഴ്ച നടന്ന മത്സരത്തില്‍ 3-1 നായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. സ്വന്തം തട്ടകത്തില്‍ കിരീട മോഹവുമായി ഇറങ്ങിയ ഓസ്ട്രേലിയയുടെ സ്വപ്നങ്ങള്‍ തകര്‍ത്തത് എല്ല ടൂണെ, ലോറന്‍ ഹെംപ്, അലെസിയ റൂസ്സോ, എന്നിവരുടെ ഗോളുകളായിരുന്നു.
2022 ഫുട്ബോള്‍ ലോകകപ്പിന് മുന്‍പ് ഇംഗ്ലണ്ടും സ്പെയ്നും തമ്മില്‍ 11 അന്താരാഷ്ട്ര മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. അതില്‍ ആറ് തവണയും ജയം സ്പെയിനിനൊപ്പമായിരുന്നു എന്നത് അവരുടെ കിരീട പ്രതീക്ഷ ഉയര്‍ത്തുന്നു. മൂന്നുതവണ മത്സരങ്ങള്‍ സമനില പിടിച്ചപ്പോള്‍ രണ്ടെണ്ണത്തില്‍ സ്പെയിന്‍ ജയിച്ചു. ഞായറാഴ്ച വൈകുന്നേരം ഇന്ത്യന്‍ സമയം 3.30നാണ് ഫൈനല്‍ അങ്കം.
സ്വന്തം തട്ടകത്തില്‍ നിരാശരായി അവസാനിപ്പിക്കാതിരിക്കാനുള്ള ശ്രമത്തിലാണ് സാം കെറും സംഘവും. ആദ്യ സെമിയില്‍ സ്പെയ്നിനോട് പരാജയപ്പെട്ട സ്വീഡനാണ് ലൂസേഴ്സ് ഫൈനലില്‍ ഓസീസിന്റെ എതിരാളികള്‍. കഴിഞ്ഞ മൂന്ന് ലോകകപ്പുകളില്‍ രണ്ടിലും മൂന്നമതായി ഫിനിഷ് ചെയ്തത് സ്വീഡനാണ്. ഓസ്ട്രേലിയയാവട്ടെ ഇതിനു മുന്‍പ് ക്വാര്‍ട്ടര്‍ ഫൈനലിനപ്പുറം കടന്നിട്ടില്ല. എന്നാല്‍ സ്വന്തം മണ്ണില്‍ ഒന്നും നേടാനാകാതെ മടങ്ങാതിരിക്കാന്‍ സാം കെറും സംഘവും ആക്രമണത്തിന് മൂര്‍ച്ച കൂട്ടുമെന്ന് ഉറപ്പാണ്. ശനിയാഴ്ച ഉച്ചയ്ക്ക് 1.30 നാണ് ഇരു ടീമുകളും ഏറ്റുമുട്ടുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →