കോഴിക്കോട് : നിലമ്പൂർ എംഎൽഎ പി.വി. അൻവറിന്റെയും കുടുംബത്തിന്റെയും കൈവശം 19.26 ഏക്കർ അധിക ഭൂമിയുണ്ടെന്ന് താമരശ്ശേരി ലാൻഡ് ബോർഡ് റിപ്പോർട്ട്. 2007ൽ തന്നെ അന്‍വർ ഭൂപരിധി മറികടന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. അധിക ഭൂമിയിൽ ഒരാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് എംഎൽഎയ്ക്കും കുടുംബത്തിനും ലാൻഡ് ബോർഡ് നോട്ടിസ് അയച്ചു.
പി.വി.അൻവറിനെതിരായ മിച്ചഭൂമി കേസിന്റെ നടപടികൾ ഹൈക്കോടതിയിൽ മുന്നോട്ടുപോകുന്നതിനിടെയാണ് പുതിയ റിപ്പോർട്ട് പുറത്തു വന്നത്. അൻവറും കുടുംബവും ഭൂപരിഷ്കരണ നിയമം ലംഘിച്ച് അധിക ഭൂമി കൈവശം വയ്ക്കുന്നതായി പരാതിക്കാരനായ പി.വി. ഷാജി ലാന്‍ഡ് ബോർഡിനു കൂടുതൽ തെളിവുകൾ കൈമാറി. 34.37 ഏക്കർ ഭൂമിയുടെ രേഖകളാണ് കൈമാറിയത്. നേരത്തെ 12.46 ഏക്കർ അധികഭൂമിയുടെ രേഖകൾ ഇവർ കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അൻവറിന്റെയും കുടുംബത്തിന്റെയും കൈവശം 19 ഏക്കർ ഭൂമി അധികമുള്ളതായി കണ്ടെത്തിയത്.

