ന്യൂഡൽഹി: ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ചരിത്രത്തിൽ ഇതുവരെ വിക്ഷേപിച്ച വിദേശ നിർമിത കൃത്രിമോപഗ്രഹങ്ങളുടെ എണ്ണം 437. അതിൽ പകുതിയിലധികം, അതായത് 231 എണ്ണം യുഎസിന്‍റേതാണ്.
രണ്ടാം സ്ഥാനത്ത് യുകെ, 86 ഉപഗ്രഹങ്ങൾ. 20 ഉപഗ്രഹങ്ങളുമായി സിംഗപ്പൂർ മൂന്നാം സ്ഥാനത്തും നിൽക്കുന്നു. ജർമനി (13), ക്യാനഡ (6) എന്നീ രാജ്യങ്ങൾ കൂടിയാകുമ്പോൾ ടോപ്പ് ഫൈവ് പൂർണം.
ഇറ്റലി, ജപ്പാൻ, ലക്സംബർഗ് എന്നീ രാജ്യങ്ങളുടെ അഞ്ച് വീതം ഉപഗ്രഹങ്ങളും ഇന്ത്യ ലക്ഷ്യത്തിലെത്തിച്ചു. അൾജീരിയ, ഫ്രാൻസ്, ലിത്വാനിയ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളുടെ നാലു വീതവും, നെതർലൻഡ്സ്, ഓസ്ട്രിയ, ഫിൻലൻഡ് ഇന്തോനേഷ്യ എന്നിവരുടെ മൂന്നു വീതവും, ബെൽജിയം, ഡെൻമാർക്ക്, സ്പെയ്ൻ എന്നിവരുടെ രണ്ടു വീതവും ഉപഗ്രഹങ്ങളുടെ വിക്ഷേപണം ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഇസ്റൊയുടെ (ISRO) ക്രെഡിറ്റിലുണ്ട്.
അർജന്‍റീന, ഓസ്ട്രേലിയ, ബ്രസീൽ, ചിലി, കൊളംബിയ, ചെക്ക് റിപ്പബ്ലിക്, ചൈന, കസാക്കിസ്ഥാൻ, ലാത്വിയ, മലേഷ്യ, മെസ്കിക്കോ, നോർവേ, സ്ലോവാക്യ, തുർക്കി, യുഎഇ എന്നീ രാജ്യങ്ങളുടെ ഓരോ ഉപഗ്രഹങ്ങളും ഇന്ത്യൻ ലോഞ്ചറുകൾ നിർദിഷ്ട ഭ്രമണപഥങ്ങളിലെത്തിച്ചു.
ഇസ്റൊയുടെ വാണിജ്യ സാധ്യതകൾ കൂടിയാണ് ഈ കണക്കിൽ തെളിഞ്ഞു കാണുന്നത്. പിഎസ്എൽവി-സി37 ഉപയോഗിച്ച് ഒറ്റയടിക്ക് 104 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത് ഈയിനത്തിലെ ഇന്ത്യൻ റെക്കോഡാണ്. ഈ 104 ഉപഗ്രഹങ്ങളിൽ 101 എണ്ണവും വിദേശ രാജ്യങ്ങളുടേതായിരുന്നു.
ഇത്തരത്തിൽ, ഒറ്റയടിക്ക് കൂടുതൽ ഉപഗ്രഹങ്ങൾ ലക്ഷ്യത്തിലെത്തിക്കാനുള്ള ശേഷിയും, നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും മറ്റുമായി താരതമ്യം ചെയ്യുമ്പോഴുള്ള കുറഞ്ഞ ചെലവുമാണ് വിദേശ രാജ്യങ്ങൾ ഉപഗ്രഹ വിക്ഷേപണത്തിന് കൂടുതലായി ഇസ്റൊയെ ആശ്രയിക്കാൻ കാരണം

