എറണാകുളം: അങ്കമാലി താലൂക്ക് ആശുപത്രിയില്‍ മരുന്നു മാറി കുത്തിവച്ചെന്ന പരാതിയില്‍ താത്ക്കാലിക നഴ്‌സിനെതിരേ നടപടി. ജോലിയിൽ നിന്നും പിരിച്ചു വിടാനാണ് തീരുമാനം. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് നടപടി.
സംഭവം നഴ്സിന്‍റെ അനാസ്ഥയാണെന്ന് ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ചീട്ടുപോലും പരിശോധിക്കാതെയാണ് കുട്ടിക്ക് പേവിഷബാധക്കുള്ള ഇഞ്ചക്ഷൻ എടുത്തതെന്നാണ് റിപ്പോര്‍ട്ട്. ഒപ്പം ആരും ഇല്ലാത്ത കുട്ടിയ്ക്ക് ഇൻജക്ഷൻ നൽകിയത് വീഴ്ചയാണ്. അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കാണ് റിപ്പോര്‍ട്ട് സമർപ്പിച്ചത്.
എന്നാൽ സംഭവത്തിൽ പരാതിയില്ലെന്നാണ് കുട്ടിയുടെ കുടുംബം പറയുന്നത്. നഴ്സിന്‍റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായി എന്നത് സത്യമാണ്.പക്ഷേ അതിനെതിരെ നടപടി എടുക്കുന്നതിന് താല്പര്യം ഇല്ല. വീഴ്ച ആവർത്തിക്കരുതെന്നും കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു.