മാത്യു കുഴൽനാടനും സ്പീക്കറും തമ്മിൽ വാഗ്വാദം : ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്നുവെന്ന് മാത്യു കുഴൽനാടൻ

തിരുവനന്തപുരം : വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. വിവാദം മാത്യു കുഴൽനാടൻ ഉന്നയിച്ചപ്പോൾ തന്നെ ഇടപെട്ട സ്പീക്കർ എന്തും വിളിച്ച് പറയാനുള്ള വേദിയല്ല നിയമസഭ എന്ന് ശാസിച്ചു.മാത്യു കുഴൽനാടൻ എംഎൽഎയുടെ പ്രസംഗം സ്പീക്കർ ഇടപെട്ട് അവസാനിപ്പിച്ചതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. ചട്ടവും റൂളും അനുശാസിക്കാത്ത ഒന്നും രേഖയിലുണ്ടാവില്ലെന്നും രേഖയിൽ ഇല്ലാത്ത കാര്യങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യരുതെന്ന് സ്പീക്കർ ഉത്തരവിട്ടു.

പുറത്തിറങ്ങിയ മാത്യു കുഴൽനാടൻ സഭയിലുന്നയിച്ച കാര്യങ്ങൾ ആവർത്തിച്ചു. മുഖ്യമന്ത്രിക്കും മകൾക്കും എതിരെ ആരോപണം ഉണ്ടായേക്കുമെന്ന ആശങ്ക കാരണമാണ് സ്പീക്കർ പ്രസംഗം തടസപ്പെടുത്തിയതെന്ന് മാത്യു പറഞ്ഞു. താൻ ആർക്കെതിരെയും ആരോപണം ഉന്നയിച്ചിട്ടില്ല. തന്നെ ജനം തെരഞ്ഞെടുത്തത് ജനങ്ങളുടെ കാര്യങ്ങൾ സഭയിൽ പറയാനാണ്. അപ്രതീക്ഷിതവും നിർഭാഗ്യകരവുമായ സംഭവമാണിത്.

കഴിഞ്ഞ ദിവസം കേരളം കേട്ട വലിയ വാർത്തയിൽ ശ്രദ്ധ ക്ഷണിച്ചപ്പോൾ തന്നെ പ്രസംഗം തടസ്സപ്പെടുത്തുകയായിരുന്നു. ബില്ലിനെ കുറിച്ച് സംസാരിക്കാൻ സ്പീക്കർ പറഞ്ഞു. എന്നാൽ പ്രസംഗം നടത്താൻ സമ്മതിക്കാതെ ഭരണപക്ഷം ബഹളം വച്ചു. ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാൻ ശ്രമിച്ചിട്ടില്ല. ആരുടെയും മകളുടെയോ മകന്റെയോ പേര് പറഞ്ഞിട്ടില്ല. നിയമസഭയിൽ ഒരു ജനപ്രതിനിധിക്ക് പോലം സംസാരിക്കാൻ പറ്റാത്ത അവസ്ഥയാണെന്നും ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്നുവെന്നും മാത്യു കുഴൽനാടൻ വിമർശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →