മണിപ്പൂർ : ഒടുവിൽ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി.

ന്യൂ ഡൽഹി : അവിശ്വാസപ്രമേയ മറുപടിയിൽ പ്രതിപക്ഷ ബഹളത്തിനൊടുവിൽ മണിപ്പൂരിനെ കുറിച്ച് മൗനം വെടിഞ്ഞ് പ്രധാനമന്ത്രി. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ വിശ്വാസം കോൺഗ്രസ് തകർത്തു. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് മണിപ്പൂരിൽ കലാപമുണ്ടായത്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ പൊറുക്കാനാവില്ലെന്നും മണിപ്പൂരിൽ സമാധാനം കൊണ്ടുവരുമെന്നും പ്രധാനമന്ത്രി ലോക്‌സഭയിൽ മറുപടി പറഞ്ഞു.

മറുപടി പ്രസംഗത്തിന്റെ ആദ്യ മണിക്കൂർ കേന്ദ്രസർക്കാരിന്റെ വിവിധ നേട്ടങ്ങളെ കുറിച്ചും പ്രതിപക്ഷത്തെ വിമർശിച്ചും പ്രധാനമന്ത്രി സംസാരിച്ചതോടെ മണിപ്പൂർ വിഷയം പറയൂ എന്നായി പ്രതിപക്ഷം. തുടർച്ചയായി മണിപ്പൂർ മുദ്രാവാക്യം മുഴക്കിയ പ്രതിപക്ഷത്തെ, കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രിയെ മണിപ്പൂർ വിഷയത്തിൽ ചർച്ച അനുവദിക്കാത്തത് ചൂണ്ടിക്കാട്ടി.

‘പ്രതിപക്ഷത്തിന് കേൾപ്പിക്കാനാണ് താൽപര്യം. കേൾക്കാൻ താൽപര്യമില്ല. ആഭ്യന്തര മന്ത്രിയെ മണിപ്പൂർ വിഷയത്തിൽ ചർച്ചയ്ക്ക് അനുവദിച്ചിരുന്നെങ്കിൽ ചർച്ച മണിപ്പൂർ വിഷയത്തിൽ മാത്രമാകുമായിരുന്നു. എന്നാൽ അതനുവദിക്കാതെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നു. അതിനാലാണ് എല്ലാ വിഷയവും മറുപടി പ്രസംഗത്തിൽ പരാമർശിച്ചത്. പക്ഷേ സർക്കാർ ചർച്ചയ്ക്ക് വിളിച്ചപ്പോൾ പ്രതിപക്ഷം രാഷ്ട്രീയം കളിക്കാൻ ശ്രമിച്ചു.

കഴിഞ്ഞ ദിവസം മണിപ്പൂരിനെ കുറിച്ച് സഭയിൽ അമിത്ഷാ വിശദമായി സംസാരിച്ചു. രാജ്യം മുഴുവൻ മണിപ്പൂരിനൊപ്പമാണ്. മണിപ്പൂർ വികസനത്തിന്റെ പാതയിലേക്ക് വരും. എന്നാൽ പ്രതിപക്ഷം സഭയിൽ ഭാരതമാതാവിനെ കുറിച്ച് പറഞ്ഞത് വിഷമിപ്പിച്ചു. ഭാരതമാതാവിനെ അപമാനിച്ചത് ക്ഷമിക്കാനാകില്ല. മണിപ്പൂരിലെ കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകും. ഭാരതമാതാവിനെ ഭിന്നിപ്പിച്ചതാണ് കോൺഗ്രസിന്റെ ചരിത്രം. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ വിശ്വാസം കോൺഗ്രസ് തകർത്തു. 1966മാർച്ച് അഞ്ചിന് മിസോറാമിൽ വ്യോമസേനയെ ഉപയോഗിച്ച് ആക്രമണം നടത്തിയത് കോൺഗ്രസാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

മണിപ്പൂർ വിഷയത്തിലുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് മറുപടി പറയാതെ പ്രധാനമന്ത്രി പ്രസംഗം തുടർന്നതോടെയാണ് പ്രതിപക്ഷം പ്രതിഷേധിച്ചതും ഇറങ്ങിപ്പോയതും. ഒടുവിൽ ശബ്ദവോട്ടോടെ അവിശ്വാസം തള്ളുകയായിരുന്നു. പ്രതിപക്ഷ എംപിമാർ മുദ്രാവാക്യം വിളിച്ച് സഭ ബഹിഷ്‌കരിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →