ഇസ്ലാമാബാദ്: പാകിസ്താനിൽ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ ശുപാർശ പ്രകാരം പാർലമെന്റ് പിരിച്ചുവിട്ടു. ഇതോടെ പാകിസ്താനിൽ വീണ്ടുമൊരു പൊതുതിരഞ്ഞെടുപ്പിന് കളമൊരുങ്ങി. അറസ്റ്റിലായതിനാൽ മുൻ പ്രധാനമന്ത്രിയും പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടി നേതാവുമായ ഇമ്രാൻ ഖാന് ഈ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാനാകില്ല. എതിർപ്പില്ലാതെ വിജയിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് ഷഹബാസ് ഷെരീഫ്.
പാർലമെന്റ് പിരിച്ചുവിട്ട് 90 ദിവസത്തിനുളളിൽ തിരഞ്ഞെടുപ്പ് നടത്തണമെന്നും മൂന്ന് ദിവസത്തിനുളളിൽ ഇടക്കാല പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കണമെന്നും പാകിസ്താൻ പ്രസിഡന്റ് ആരിഫ് ആൽവി സ്ഥാനമൊഴിയുന്ന സർക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം തിരഞ്ഞെടുപ്പ് അടുത്ത വർഷത്തേക്ക് മാറ്റാൻ സാധ്യതയുണ്ടെന്നാണ് ഷഹബാസ് ഷെരീഫ് സർക്കാർ സൂചന നൽകുന്നത്. ദേശീയ ഐക്യമില്ലെങ്കിൽ രാജ്യത്തിന് പുരോഗതി കൈവരിക്കാനാകില്ലെന്നും ഷഹബാസ് ഷെരീഫ് മുന്നറിയിപ്പ് നൽകിയിരുന്നു.
രാജ്യത്തെ രാഷ്‌ട്രീയ പ്രതിസന്ധിയും കടുത്ത സാമ്പത്തിക പ്രതിസന്ധിയുമാണ് തിരഞ്ഞെടുപ്പ് നീട്ടിവെക്കാൻ കാരണമെന്നാണ് വിലയിരുത്തൽ. എന്നാൽ സെൻസസ് പൂർത്തിയായാൽ മാത്രമാണ് തിരഞ്ഞെടുപ്പ് നടക്കുക എന്ന് പാകിസ്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ബിബിസിയോട് പറഞ്ഞു. സെൻസസ് പൂർത്തിയാകാൻ നാല് മാസമെങ്കിലും എടുക്കും. അതിനാൽ തിരഞ്ഞെടുപ്പ് അടുത്ത വർഷമായിരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ടിച്ചേർത്തു.
തോഷഖാന കേസിൽ കുറ്റക്കാരനാണെന്ന് വിധിച്ചതിന് പിന്നാലെ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. അറസ്റ്റിന് പിന്നാലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതില്‍ നിന്ന് ഇമ്രാൻ ഖാനെ അഞ്ച് വര്‍ഷത്തേക്ക് വിലക്കിയതും അനുകൂലമായ സാഹചര്യമായിട്ടാണ് ഷഹബാസ് ഷെരീഫ് കാണുന്നത്. 2018 ലെ തിരഞ്ഞെടുപ്പിൽ ഇമ്രാൻ ഖാന്റെ പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടി കൂടുതൽ സീറ്റുകൾ നേടി അധികാരത്തിലേറിയിരുന്നു.

