കോഴിക്കോട്: ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽ വീണ് വീട്ടമ്മയുടെ കാൽപാദം അറ്റു. മലപ്പുറം ചങ്ങരംകുളം ആലംകോട് സ്വദേശി ചക്കോടത്ത് വളപ്പിൽ സതി (56)യ്ക്കാണ് ദാരുണമായ അപകടം ഉണ്ടായത്. ചികിത്സയുടെ ഭാഗമായി കോഴിക്കോട് എത്തിയ സതി ട്രെയിൻ മാറിക്കയറി ഇറങ്ങാൻ ശ്രമിക്കവേ ആയിരുന്നു അപകടം നടന്നത്. ഓടുന്ന ട്രെയിൻ നിന്നും പുറത്തേക്ക് ചാടുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽപ്പെട്ട് വീട്ടമ്മയുടെ കാൽപാദം അറ്റുപോവുകയായിരുന്നു.
സംഭവത്തെതുടർന്ന് ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം നടന്നത്. മകനോടൊപ്പം റെയിവേ സ്റ്റേഷനിലെത്തി കുറ്റിപ്പുറത്തേക്ക് ടിക്കറ്റെടുത്തു. ഈ സമയം കോയമ്പത്തൂർ മംഗളൂരു ട്രെയിൻ സ്റ്റേഷനിൽ എത്തി.
ഇതിൽ കയറിയെങ്കിലും പുറത്തുനിന്ന മകൻ ഇറങ്ങാൻ ആവശ്യപ്പെട്ടു. ഇറങ്ങുന്ന സമയത്ത് ട്രെയിൻ പുറപ്പെട്ടിരുന്നു. അതിനിടെയാണ് അപകടം ഉണ്ടായത്. ഉടനെ റെയിൽവേ പൊലീസും ആർപിഎഫും എത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

