പ്രവാസി എഴുത്തുകാരനായ അസി എഴുതിയ ‘ക്യാംപ് ക്രോപ്പറിന്റെ ഇടനാഴികൾ’ എന്ന നോവൽ സിനിമയാക്കാൻ തയ്യാറെടുക്കുകയായിരുന്നു സിദ്ദിഖ് എന്ന് അസി. ചിത്രത്തിന്റെ പ്രൊഡക്ഷൻ വർക്കുകളും പൂർത്തിയായിരുന്നതായി അസി പറഞ്ഞു. .വിവിധ ഭാഷകളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു സിനിമ എടുക്കുകയെന്ന സ്വപ്നം ബാക്കിവച്ചാണ് പ്രിയ സംവിധായകൻ സിദ്ദിഖ് ചലച്ചിത്ര ലോകത്ത് നിന്നും വിടപറഞ്ഞത്.
അസിക്കൊപ്പമായിരുന്നു സിദ്ദിഖ് തിരക്കഥ എഴുതിയത്.
സിദ്ദിഖിനൊപ്പമുള്ള നാളുകളെ കുറിച്ചും തിരക്കഥ എഴുത്തിനെ കുറിച്ചും അസിയുടെ വാക്കുകൾ: അബുദാബിയിലേക്ക് പോകുന്ന യാത്രയ്ക്കിടെയാണ് രണ്ട് മണിക്കൂർ കൊണ്ട് സിദ്ദിഖ് ഈ നോവൽ വായിച്ചുതീർത്തത്. പിന്നാലെ എന്നെ വിളിച്ചു. ഹിന്ദിയിൽ സിനിമ ചെയ്യാനായിരുന്നു പ്ലാൻ. 2021 നവംബറിൽ സാറിനൊപ്പം തിരക്കഥ എഴുതിത്തുടങ്ങി. നാലര മാസം സാറിനൊപ്പമുണ്ടയിരുന്നു ഞാൻ. അദ്ദേഹം, ലാൽ സാർ അല്ലാതെ മറ്റൊരാൾക്കൊപ്പം തിരക്കഥ എഴുതുന്നത് ആദ്യമായിരുന്നു. ഹിന്ദിയിൽ ചിത്രമൊരുക്കാനായിരുന്നു ആദ്യ തീരുമാനം. അബുദാബിയിൽ ആയിരുന്നു ഷൂട്ടിങ് നിശ്ചയിച്ചത്. പിന്നീട് അറബിയിലും ഇംഗ്ലീഷിലുമൊക്ക എടുക്കുന്ന ഒരു ത്രീ സീസൺ വെബ് സീരീസാക്കി അതിനെ മാറ്റി. യുകെ ബേസ്ഡ് ആയ ഹൊബോ പിക്ചേഴ്സും സിദ്ദിഖ് സാറിന്റെ മലബാർ പിക്ചേഴ്സ് എന്ന പ്രൊഡക്ഷൻ കമ്പനിയും ഒരുമിച്ചായിരുന്നു അത് ചെയ്തത്.
മറ്റ് ഭാഷകളിലേക്ക് പോകുന്നതിൽ സാർ വളരെ എക്സൈറ്റഡ് ആയിരുന്നു. വളരെ ആത്മവിശ്വാസവും ഉണ്ടായിരുന്നു. ഒന്നേമുക്കാൽ വർഷത്തോളം സാർ ഈ പ്രൊജക്ടിന് വേണ്ടി ഹോം വർക്ക് ചെയ്തു. അദ്ദേഹമില്ലാതെ അത് ചെയ്യുകയെന്നാൽ എന്താകുമെന്നറിയില്ല. മലബാർ പിക്ചേഴ്സ് പ്രൊഡക്ഷൻ കമ്പനി ഉള്ളതുകൊണ്ട് തന്നെ സിദ്ദിഖ് സാറിന്റെ തന്നെ പ്രൊജക്ട് എന്ന നിലയിലാകും ഇത് പുറത്തിറങ്ങുക’.. അസി പറയുന്നു

