തിരുവനന്തപുരം : സംവിധായകൻ സിദ്ദിഖിന്റെ വിയോഗത്തിൽ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അനുകരണ കലയിലൂടെ തുടങ്ങി ജനപ്രിയ ചലച്ചിത്രകാരൻ എന്ന നിലയിലേക്ക് ഉയർന്ന പ്രതിഭയെയാണ് സിദ്ദിഖിന്റെ വിയോഗത്തിലൂടെ സാംസ്കാരിക കേരളത്തിന് നഷ്ടമായതെന്ന് മുഖ്യമന്ത്രി അനുശോചിച്ചു. മലയാള ചലച്ചിത്ര മേഖലയ്ക്കും മലയാളികൾക്കാകെയും നികത്താനാവാത്തതാണ് സിദ്ദിഖിന്റെ വിയോഗം മൂലം ഉണ്ടായിട്ടുള്ള നഷ്ടമെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
‘ഗൗരവതരമായ ജീവിത പ്രശ്നങ്ങളെ നർമ്മ മധുരമായ ശൈലിയിൽ അവതരിപ്പിക്കുന്നതിൽ സിദ്ദിഖ് ശ്രദ്ധേയമായ മികവ് പുലർത്തിയിരുന്നു. മികച്ച തിരകഥാകൃത്തും സംവിധായകനുമായിരുന്നു സിദ്ദിഖ്. സിദ്ദിഖും ലാലും ചേർന്നൊരുക്കിയ പല സിനിമകളിലെ മുഹൂർത്തങ്ങളും സംഭാഷണങ്ങളും ജനമനസ്സിൽ പതിറ്റാണ്ടുകൾക്ക് ശേഷവും മായാതെ നിൽക്കുന്നത് അദ്ദേഹത്തിലെ പ്രതിഭയുടെ സ്വീകാര്യതക്കുള്ള ദൃഷ്ടാന്തമാണ്.