നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. നിയമസഭ 2023 ഓ​ഗസ്റ്റ് 10 ന് താൽക്കാലികമായി പിരിയും. സെപ്റ്റംബർ 11 മുതൽ വീണ്ടും ചേരാനും തീരുമാനിച്ചിട്ടുണ്ട്. പതിനഞ്ചാം കേരള നിയമസഭയുടെ ഒൻപതാം സമ്മേളനം 2023 ഓഗസ്റ്റ് ഏഴിനാണ് ആരംഭിച്ചത്. ഈ മാസം 24 വരെ നിയമസഭ ചേരാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്.

കാര്യോപദേശകസമിതി യോഗമാണ് സഭാ സമ്മേളനം വെട്ടിച്ചുരുക്കാൻ തീരുമാനിച്ചത്. സെപ്റ്റംബർ 11 മുതൽ നാലു ദിവസം ചേരാനാണ് തീരുമാനിച്ചിട്ടുള്ളത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്നാണ് പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ്. കഴിഞ്ഞ ദിവസമാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ 5ന് നടക്കുമെന്ന് ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചത്.

നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 17 നാണ്. സൂക്ഷ്മ പരിശോധന– ഓഗസ്റ്റ് 18, നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി– ഓഗസ്റ്റ് 21. എട്ടിനാണ് വോട്ടെണ്ണൽ. പുതുപ്പള്ളി ഉൾപ്പെടെ ഏഴു നിയോജക മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

പുതുപ്പള്ളിക്കു പുറമേ ജാർഖണ്ഡിലെ ധുമ്രി, ത്രിപുരയിലെ ബോക്സാനഗർ, ധൻപുർ, ബംഗാളിലെ ധുപ്ഗുരി, ഉത്തർപ്രദേശിലെ ഘോസി, ഉത്തരാഖണ്ഡിലെ ബാഗേശ്വർ എന്നിവിടങ്ങളിലാണ് 2023 സെപ്റ്റംബർ 5 ന് ഉപതെരഞ്ഞെടുപ്പ് നടക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →