എല്ലാവർഷവും പട്ടികയിൽ ഉൾപ്പെടും; പിന്നീട് സാങ്കേതികത പറഞ്ഞ് ഒഴിവാകും

കാസർഗോഡ് : അടച്ചുറപ്പുള്ള വീടിനായി നാരായണിയും സഹോദരി ജാനുവും കാത്തിരിപ്പ് തുടങ്ങിയിട്ട് വർഷങ്ങളായി. നിലവിലെ കൂര എപ്പോൾ വേണമെങ്കിലും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. ഏത് നിമിഷവും തകർന്നു വീഴാൻ സാധ്യതയുള്ള വീട്ടിൽ ദുരിത ജീവിതം നയിക്കുകയാണ് കാസർഗോഡ് ചെറുവത്തൂർ കണ്ണങ്കൈയിലെ വയോധികയായ വി.വി നാരായണിയും സഹോദരി ജാനുവും. പല തവണ ലൈഫ് ഭവന പദ്ധതിയുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടും വീട് ലഭിച്ചില്ലെന്നാണ് ഇവരുടെ പരാതി. ഇനിയെങ്കിലും അടച്ചുറപ്പുള്ള ഒരു വീട് കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇവർ ജീവിക്കുന്നത്.

വീടിന്റെ ഒരു മുറി, ബന്ധുക്കൾ കെട്ടിയുറപ്പിച്ച് കോൺക്രീറ്റ് ചെയ്തു. അപകടം ഒഴിവാക്കാൻ ബാക്കി ഭാഗത്തെ മേൽക്കൂര മാറ്റി പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് പൊതിഞ്ഞു. എന്നാൽ അത് താൽക്കാലിക പരിഹാരം മാത്രമാണ്. ലൈഫ് പദ്ധതിയിൽ എല്ലാ വർഷവും നാരായണിയും ജാനുവും പതിവ് തെറ്റിക്കാതെ അപേക്ഷ നൽകും. പേര് പട്ടികയിൽ ഉൾപ്പെടും. പിന്നീട് പല കാരണങ്ങളാൽ തഴയപ്പെടും. നിലവിലെ ലൈഫ് ഗുണഭോക്താക്കളുടെ ലിസ്റ്റിൽ പട്ടികജാതി വിഭാഗങ്ങൾക്കും മത്സ്യത്തൊഴിലാളികൾക്കുമാണ് മുൻഗണന. ഈ സാങ്കേതികത്വമാണ് ഇവരുടെ പ്രതീക്ഷകൾക്ക് വീണ്ടും മങ്ങലേൽപ്പിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →