പൂവാർ ലൈംഗിക പീഡനക്കേസിൽ പെൺകുട്ടികളുടെ വിശദമൊഴി രേഖപ്പെടുത്തും

തിരുവനന്തപുരം : പെൺകുട്ടികളെ പീഡിപ്പിച്ച പൂവാർ സ്വദേശിയായ വിമുക്ത ഭടൻ 56 കാരനായ ഷാജിയെ കോടതിയിൽ റിമാന്റ് ചെയ്തു. പ്രതിയുടെ വീട്ടിൽ കുട്ടികളുടെ കുടുംബം നേരത്തെ വാടകയ്ക്ക് താമസിച്ചിരുന്നു. ഈ പരിചയം മുതലെടുത്താണ് ഇയാൾ കുട്ടികളുടെ അടുത്ത് നിരന്തരം എത്തിയിരുന്നത്. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്തായിരുന്നു പലപ്പോഴുമുണ്ടായ പീഡനം. കുടുംബത്തിന്റെ ദാരിദ്ര്യവും മുതലെടുത്തായിരുന്നു പീഡനം.

അതിക്രൂര പീഡനത്തിനിരയായ പെൺകുട്ടികളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാൻ ഒരുങ്ങി പൊലീസ്. സ്‌കൂളിലെ കൗൺസിലിങിൽ വെളിപ്പെടുത്തിയ പല കാര്യങ്ങളും കുട്ടികൾ പൊലീസിനോട് പറഞ്ഞിട്ടില്ലെന്നാണ് സൂചന. മാനസികമായി തകർന്ന പെൺകുട്ടികളെ സാധാരണ നിലയിലേക്ക് കൊണ്ട് വരുന്നതിനുള്ള നടപടികൾ ശിശു ക്ഷേമ സമിതിയും കൈക്കൊള്ളും. പെൺകുട്ടികളെ സുരക്ഷിതരായി വീട്ടിൽ നിന്ന് മറ്റൊരിടത്തേക്ക് മാറ്റാനും നീക്കമുണ്ട്.

പ്രതി ഓട്ടോറിക്ഷയിലാണ് കുട്ടികളുടെ വീട്ടിൽ പോയിരുന്നത്. ഇയാൾ മടങ്ങിക്കഴിഞ്ഞ ശേഷം ഓട്ടോക്കാരനും കുട്ടികളെ ഉപദ്രവിച്ചെന്നാണ് കൗൺസിലിങ്ങിൽ വെളിപ്പെടുത്തിയിരിക്കുന്നത്. ചില വസ്തുക്കൾ തങ്ങളുടെ ശരീരത്തിൽ കുത്തിവച്ചെന്നും കുട്ടികൾ വെളിപ്പെടുത്തി. ഇതും ഏറെ ഗൗരവമുള്ളതാണ്. പ്രതിയുടെ തന്നെ പലരുമായുള്ള ലൈംഗിക ദൃശ്യങ്ങൾ കുട്ടികളെ മൊബൈലിൽ കാണിച്ചിരുന്നു. കുട്ടികളുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷം പൊലീസ് തുടർനടപടികളിലേക്ക് കടക്കാനൊരുങ്ങുകയാണ്.

Share
അഭിപ്രായം എഴുതാം