തൃശൂർ : എരുമപ്പെട്ടി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ കാണാതായ രണ്ട് വിദ്യാർത്ഥികളെ കണ്ടെത്തി. കുട്ടികളിലൊരാളെ കണ്ടയാൾ ആദ്യം വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു. 2023 ഓഗസ്റ്റ് 4 വെളളിയാഴ്ച നോർത്ത് റെയിൽവേ സ്റ്റേഷന് സമീപം കുട്ടികളെ ഇറക്കിയതായി ബസ് കണ്ടക്ടർ മൊഴി നൽകിയിരുന്നു. വിദ്യാർഥികളുടെ കുടുംബവും തെരച്ചിൽ നടത്തുന്നതിനിടെയാണ് കുട്ടികളെ കണ്ടെത്തിയെന്ന വിവരം ലഭിച്ചത്.
എരുമപ്പെട്ടി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ വരവൂർ നീർക്കോലിമുക്ക് വെട്ടുക്കാട് കോളനിയിൽ സുരേഷിന്റെ മകൻ അർജുൻ (14), പന്നിത്തടം നീണ്ടൂർ പൂതോട് ദിനേശന്റെ മകൻ ദിൽജിത്ത് (14) എന്നിവരെയാണ് 2023 ഓഗസ്റ്റ് 3 വ്യാഴാഴ്ച ഉച്ചമുതൽ കാണാതായത്. ഒരേ ക്ലാസിലെ വിദ്യാർത്ഥികളാണ് ഇരുവരും.
കാണാതായതിനെ തുടർന്ന് വ്യാഴാഴ്ച വൈകിട്ടോടെ മാതാപിതാക്കൾ പൊലീസിൽ പരാതിനൽകി. പൊലീസും നാട്ടുകാരും ബന്ധുക്കളും വ്യാപകമായ തെരച്ചിലാണ് കുട്ടികൾക്ക് വേണ്ടി നടത്തിയത്. അതിനിടെ വെളളിയാഴ്ച രാവിലെ കുട്ടികൾ വൈറ്റില ഹബ്ബിൽ നിന്ന് ബസിൽ കയറിയതും നിർണായക വിവരമായി. അതേസമയം എന്തിനാണ് കുട്ടികൾ ഇത്തരത്തിൽ വീടുവിട്ടുപോയതെന്ന് വ്യക്തമല്ല.

