തൃശൂർ: വ്യാജ മയക്കുമരുന്ന് കേസിൽ ജയിൽവാസം അനുഭവിക്കേണ്ടി വന്ന ഷീല സണ്ണിയുടെ ചാലക്കുടിയിലെ പുതിയ ബ്യൂട്ടി പാർലർ സന്ദർശിച്ച് മന്ത്രി എംബി രാജേഷ്. ഷീല സണ്ണിക്കുണ്ടായ ദുരനുഭവം മനസിലാക്കി സമയത്ത് തന്നെ അവരെ ഫോണിൽ ബന്ധപ്പെടുകയും സർക്കാരിന്റെ പിന്തുണ അറിയിക്കുകയും ചെയ്തിരുന്നെന്ന് മന്ത്രി പറഞ്ഞു. വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ എക്‌സൈസ് വകുപ്പിനെ ദുരുപയോഗം ചെയ്യാൻ ആരെയും അനുവദിക്കില്ല.’ ജാഗ്രതയോടെ കേസ് അന്വേഷിക്കണമെന്ന് എക്‌സൈസ് വകുപ്പിന് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി രാജേഷ് അറിയിച്ചു.
‘ഷീല സണ്ണിയെ വ്യാജ കേസിൽ ഉൾപ്പെടുത്തിയ ഉദ്യോഗസ്ഥനെ ഉടൻ സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു. കേസിൽ നിന്ന് ഒഴിവാക്കി കൊണ്ടുള്ള റിപ്പോർട്ട് എക്സൈസ് കോടതിയിൽ സമർപ്പിച്ചു.’ ആ സമയത്ത് തന്നെ അവരെ പ്രതി പട്ടികയിൽനിന്നും നീക്കം ചെയ്തിരുന്നെന്നും മന്ത്രി സന്ദർശന ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. ‘കേസിന്റെ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. ആരാണ് തെറ്റ് ചെയ്തതെന്ന് കണ്ടെത്തി നടപടി സ്വീകരിക്കും. ഇത്തരമൊരു സംഭവം ആവർത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കും.
സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം യു.പി ജോസഫ്, ഏരിയാ സെക്രട്ടറി കെ.എസ് അശോകൻ, ടി.പി ജോണി. കെ.പി തോമസ് തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു