കൽക്കരി ചൂളയിൽ പെൺകുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം: കൂട്ടബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

രാജസ്ഥാനിലെ കൽക്കരി ചൂളയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. ഭിൽവാര ജില്ലയിലെ ഒരു ഗ്രാമത്തിൽ നിന്ന് ബുധനാഴ്ച മുതൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പൊലീസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ചൂളയിൽ ഇട്ട് ചുട്ടുകൊന്നതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.

ബുധനാഴ്ച രാവിലെ പെൺകുട്ടി അമ്മയ്‌ക്കൊപ്പം ആടിനെ മേയ്ക്കാൻ വയലിലേക്ക് പോയിരുന്നു. ഉച്ചയോടെ അമ്മ വീട്ടിൽ തിരിച്ചെത്തിയെങ്കിലും പ്രായപൂർത്തിയാകാത്ത പെൺകുട്ടി തിരിച്ചെത്തിയില്ല. ഇതോടെ ആശങ്കയിലായ പെൺകുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും തെരച്ചിൽ ആരംഭിച്ചു. വീട്ടുകാർ നടത്തിയ തെരച്ചിലിൽ കൽക്കരി ചൂളയ്ക്ക് സമീപത്ത് നിന്ന് പെൺകുട്ടിയുടെ വളയും ചെരിപ്പും കണ്ടെടുത്തു.

ചൂളയിൽ നിന്ന് പുക ഉയരുന്നത് കണ്ട വീട്ടുകാർ പരിശോധിച്ചപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായതായി ചില സൂചനകളുണ്ടെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →