താനൂർ: താനൂരിൽ ലഹരി മരുന്ന് കേസിൽ പിടിയിലായ താമിർ ജിഫ്രി പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ എട്ട് പൊലീസുകാർക്ക് സസ്പെൻഷൻ. കസ്റ്റഡി മർദ്ദനം നടന്നതായുളള ഇന്റലിജിൻസ് റിപ്പോർട്ടിനെ തുടർന്നാണ് കർശന നടപടിക്ക് നിർദേശം നൽകിയത്. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടലിനെ തുടർന്ന് തൃശൂർ ഡിഐജി അജിതാ ബീഗമാണ് സസ്പെന്റ് ചെയ്തത്. താമിർ ജിഫ്രി ഉൾപ്പടെ ലഹരിയുമായി പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത് 2023 ജൂലൈ 31 തിങ്കളാഴ്ച്ച വൈകുന്നേരം 3:30 നാണ്. ഇവരെ താനൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചത് അന്ന് രാത്രി 1:45നാണ്. അതുവരെ പൊലീസ് ക്വട്ടേഴ്‌സിൽ പാർപ്പിച്ചു മർദിച്ചെന്ന ആരോപണവും ശക്തമാണ്.
താനൂരിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച താമിർ ജിഫ്രിയ്ക്ക് ക്രൂരമായി മർദനമേറ്റതായി തെളിയിക്കുന്നതാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. താമിറിന്റെ ശരീരത്തിൽ 13 പരുക്കുകളുണ്ടായിരുന്നു. ശരീരമാസകലം മർദനമേറ്റ പാടുകളുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ വിശദാംശങ്ങൾ മാദ്ധ്യമങ്ങൾക്ക് ലഭിച്ചു.
താമിർ ജിഫ്രിയുടേത് കസ്റ്റഡി മരണമാണെന്നതിലേക്ക് വിരൽചൂണ്ടുന്ന വിവരങ്ങളാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുള്ളത്. താമിറിനെ കസ്റ്റഡിയിലെടുത്തത് നിയമാനുസൃതമായിട്ടല്ലെന്നും ചില ഇന്റലിജൻസ് വിവരങ്ങൾ സൂചിപ്പിക്കുന്നു. താമിറിന്റെ നടുവിന്റെ കീഴ്ഭാഗത്ത്, തുടയിൽ, കാലിന്റെ അടിഭാഗത്ത് എന്നിവിടങ്ങളിലെല്ലാം താമിറിന് മർദനമേറ്റിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അടിവരയിടുന്നു. ലാത്തി ഉപയോഗിച്ചാണ് താമിറിന് മർദനമേറ്റതെന്ന സംശയവും ബലപ്പെടുകയാണ്.

