താനൂര്‍: താനൂരില്‍ ചെമ്മാട് സ്വദേശി താമിര്‍ ജിഫ്രി പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. സുപ്രീം കോടതിയുടെയും മനുഷ്യാവകാശ കമ്മീഷന്റെയും മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം അന്വേഷിക്കാന്‍ ജില്ലാ ക്രൈം ബ്രാഞ്ചിന് ചുമതല നല്‍കിയിട്ടുണ്ടെന്ന് എസ് പി. സുജിത് ദാസ് പറഞ്ഞു.
മൂന്ന് തലങ്ങളിലാണ് അന്വേഷണം നടക്കുക. ഡി വൈ എസ് പി. കെ സി ബാബുവിനാണ് കസ്റ്റഡി മരണത്തിന്റെ അന്വേഷണ ചുമതല. ലഹരി കടത്തുമായി ബന്ധപ്പെട്ട കേസിന്റെ ചുമതല നാര്‍കോട്ടിക് ഡി വൈ എസ് പിക്കാണ്. പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചകളോ നടപടിക്രമങ്ങളില്‍ പോരായ്മകളോ വന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാനുള്ള ചുമതല സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ എസ് പിക്കാണ് നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.