മോദി രാജീവ് ഗാന്ധിയെപോലെ ‘മിസ്റ്റര്‍ ക്ലീന്‍’: അജിത് പവാര്‍

മുംബൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കുണ്ടായിരുന്ന ‘മിസ്റ്റര്‍ ക്ലീന്‍’ പരിവേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ളതെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍. പൂനെ സന്ദര്‍ശനത്തിനിടെ വഴിയില്‍ കരിങ്കൊടി വീശിയല്ല മറിച്ച് ഇരുകയ്യും നീട്ടിയാണ് ജനങ്ങള്‍ മോദിയെ സ്വാഗതം ചെയ്തതെന്നും പവാര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു എന്‍.സി.പിയില്‍ നിന്നും രാജിവെച്ച് ബി.ജെ.പി-ശിവസേന സഖ്യസര്‍ക്കാരിന്റെ ഭാഗമായ പവാറിന്റെ പരാമര്‍ശം.

‘ഞാനും ദേവേന്ദ്ര ഫഡ്‌നാവിസും മോദിയുടെ വാഹന വ്യൂഹത്തോടൊപ്പമുണ്ടായിരുന്നു. റോഡിന് ഇരുവശവും തടിച്ചുകൂടിയ ജനങ്ങള്‍ പൂക്കള്‍ വിതറി പ്രധാനമന്ത്രിയെ വരവേല്‍ക്കുന്നതാണു ഞങ്ങള്‍ കണ്ടത്. വഴിയിലെങ്ങും ഒരാള്‍ പോലും കരിങ്കൊടി വീശിയിട്ടില്ല’- അജിത് പവാര്‍ പറഞ്ഞു. എന്‍.സി.പി പ്രവര്‍ത്തകര്‍ മോദി പങ്കെടുക്കുന്ന പരിപാടിയുടെ സ്റ്റേജിന് മുന്നിലെത്തി പ്രതിഷേധിക്കുകയും കരിങ്കൊടി കാണിക്കുകയും ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മണിപ്പൂരില്‍ നടക്കുന്ന സംഭവങ്ങളെ ആരും അനുകൂലിക്കുന്നില്ല പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും വിഷയത്തില്‍ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. മെയ് 3ന് മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ സംഭവത്തിലെ പ്രതികള്‍ക്കെതിരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശക്തമായ നടപടി സ്വീകരിച്ചിരിക്കും.
മോദി പ്രതിദിനം 18 മണിക്കൂറാണ് പ്രവര്‍ത്തിക്കുന്നത്. സമ്പദ്ഘടനയുടെ കാര്യത്തില്‍ മോദി നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിവരണാതീതമാണ്-പവാര്‍ കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →