പത്തനംതിട്ട: നൗഷാദ് കേസിൽ ജാമ്യത്തിലിറങ്ങിയ അഫ്‌സാനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശക്തമായ ശരീര വേദനയേയും ചുമയേയും തുടർന്നാണ് അഫ്‌സാനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നൂറനാട് ആശുപത്രിയിലാണ് അഫ്‌സാന ചികിത്സ തേടിയിരിക്കുന്നത്. 2023 ജൂലൈ 29 നാണ് അട്ടകുളങ്ങര ജയിലിൽ നിന്ന് അഫ്‌സാന ജാമ്യത്തിൽ ഇറങ്ങിയത്.
നേരത്തെ ഭർത്താവിനെ കൊന്നു കുഴിച്ചുമൂടിയത് പൊലീസ് മർദിച്ച് പറയിപ്പിച്ചതാണെന്ന് അഫ്‌സാന വെളിപ്പെടുത്തിയിരുന്നു. രണ്ട് ദിവസം തുടർച്ചയായി തന്നെ പൊലീസ് ക്രൂരമായി മർദിച്ചെന്നായിരുന്നു വെളിപ്പെടുത്തിയത്. മാനസികമായും ശാരീരികമായും പീഡിപ്പിച്ചാണ് പൊലീസ് തന്നെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ചതെന്നും അഫ്‌സാന പറഞ്ഞിരുന്നു.
കലഞ്ഞൂർ സ്വദേശി നൗഷാദിനെ കൊലപ്പെടുത്തി കുഴിച്ചു മൂടിയെന്നായിരുന്നു അഫ്‌സാന നൽകിയ മൊഴി. നൗഷാദിനെ കൊന്നെന്ന അഫ്‌സാനയുടെ മൊഴി കളവ് എന്ന് തെളിഞ്ഞതിന് പിന്നാലെ യാണ് കോടതി ജാമ്യം അനുവദിച്ചത്. അഫ്‌സാനയ്ക്ക് എതിരെ എടുത്ത കേസിൽ പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകും.