തിരുവനന്തപുരം: സ്പീക്കർ എ.എൻ. ഷംസീറിനെതിരായ എൻഎസ്എസ് വിമർശനത്തിന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മിത്തുക്കളെ ചരിത്രമായി കാണാനാവില്ലെന്ന് ഗോവിന്ദൻ പറഞ്ഞു. സങ്കൽപ്പങ്ങളെ സങ്കൽപമായി തന്നെ കാണണമെന്നും സ്പീക്കർ പറഞ്ഞത് മതപരമായ പരാമർശമല്ല മറിച്ച് ശാസ്ത്രീയ കാര്യമാണെന്നും അദ്ദേഹം പ്രതികരിച്ചു.
പാർട്ടി ശാസ്ത്രീയകാര്യങ്ങൾക്കാണ് ഊന്നൽ നൽകുന്നതെന്നും ഇനിയും ഈ നിലപാടു തന്നെയാവും തുടരുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മിത്തുക്കളെ മിത്തായും ശാസ്ത്രത്തെ ശാസ്ത്രമായും ചരിത്രത്തെ ചരിത്രമായും കാണുക എന്ന ആശയമാണ് പാർട്ടി മുന്നോട്ടു വയ്ക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
വിശ്വാസകളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന പ്രസ്താവനയാണ് സ്വീക്കർ നടത്തുന്നതെന്നാരോപിച്ച് എൻഎസ്എസ് രംഗത്തെത്തിയിരുന്നു. ഇത്തരമൊരു പ്രസ്താന നടത്തിയ സ്പീക്കർ ഈ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്നും മാപ്പു പറഞ്ഞ് രാജി വയ്ക്കണമെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് ഗോവിന്ദൻ രംഗത്തെത്തിയിരിക്കുന്നത്.

