ജമ്മു: ജമ്മു കശ്മീരിലെ അന്താരാഷ്ട്ര അതിർത്തിയിലൂടെ നുഴഞ്ഞു കയറാൻ ശ്രമിച്ച പാക് പൗരനെ ബിഎസ്എഫ് വെടിവച്ച് കൊന്നു. ഈ ആഴ്ചയിൽ ഇതു രണ്ടാം തവണയാണ് അതിർത്തിയിൽ സൈന്യം നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തുന്നത്. തിങ്കളാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് അർണിയ സെക്റ്ററിലെ അതിർത്തി വഴി കടക്കാൻ ശ്രമിച്ച നുഴഞ്ഞുകയറ്റക്കാരൻ സൈനികരുടെ ശ്രദ്ധയിൽ പതിഞ്ഞത്. പല തവണ മുന്നറിയിപ്പ് നൽകിയെങ്കിലും ഇയാൾ പിന്മാറാൻ തയാറാകാതെ വന്നതോടെയാണ് സൈന്യം വെടി വച്ചത്.
പ്രദേശത്ത് വ്യാപകമായി പരിശോധന തുടരുകയാണ്. അതിർത്തി വഴി ലഹരിക്കടത്തു നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്നു നടത്തിയ പരിശോധനയിൽ രണ്ടു തവണ സൈന്യം ലഹരി മരുന്ന് പിടിച്ചെടുത്തിരുന്നു. 25ന് അതിർത്തിയിൽ കൊല്ലപ്പെട്ട പാക് പൗരനിൽ നിന്ന് നാലു കിലോ ഗ്രാം ഹെറോയിനും കണ്ടെത്തിയിരുന്നു.