ഗതാഗതവകുപ്പാണെങ്കിൽ മന്ത്രി സ്ഥാനം ഏറ്റെടുക്കില്ലെന്ന് പാർട്ടി തീരുമാനിച്ചുവെന്ന വാർത്തകൾ വാസ്തവ വിരുദ്ധമെന്ന് കെ ബി ഗണേഷ് കുമാർ എംഎൽഎ. അത്തരമൊരു കാര്യം പാർട്ടിയിൽ ചർച്ച ചെയ്‌തിട്ടില്ല. എൽഡിഎഫിലും പാർട്ടിക്കുള്ളിലും ചർച്ച ചെയ്‌തിട്ടില്ല. എൽഡിഎഫിൽ കേരള കോൺഗ്രസ് ബിക്ക് അർഹമായ പരിഗണന കിട്ടുന്നുണ്ട്.നവംബറിൽ നടക്കാൻ പോകുന്ന ഒരു കാര്യത്തെക്കുറിച്ച് ഇപ്പോഴേ ചർച്ച നടത്തേണ്ട കാര്യമില്ലെന്നും കെ.ബി ഗണേഷ്കുമാർ പറഞ്ഞു.
കെ.ബി ഗണേഷ് കുമാറിൻറെ മന്ത്രിസഭ പ്രവേശനത്തെ സംബന്ധിച്ച് കേരള കോൺഗ്രസ് ബിയിൽ ചർച്ച നടന്നെന്ന പേരിൽ കഴിഞ്ഞ ദിവസം ചില മാധ്യമങ്ങൾ വാർത്തപുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഗണേഷ് കുമാർ പ്രതികരണവുമായി രംഗത്തെത്തിയത്.
ഗതാഗത വകുപ്പാണെങ്കിൽ ഗണേഷ് കുമാർ മന്ത്രിസ്ഥാനം ഏറ്റെടുക്കേണ്ടതില്ലെന്ന് കേരള കോൺഗ്രസ് (ബി) നേതൃയോഗം തീരുമാനമെടുത്തു എന്ന തരത്തിലായിരുന്നു വാർത്തകൾ വന്നിരുന്നത്.എന്നാൽ അത്തരം ഒരു കാര്യം പാർട്ടിയിൽ ചർച്ചക്ക് വന്നിട്ടില്ലെന്നും എൽഡിഎഫിൽ കേരള കോൺഗ്രസ് ബിക്ക് അർഹമായ പരിഗണന കിട്ടുന്നുണ്ടെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.
പാർട്ടിയുടെ എക്സിക്യൂട്ടീവ് യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്തിട്ടില്ല, പിന്നീട് നടന്ന ഇടത് മുന്നണി യോഗത്തിലും ഇക്കാര്യം പാർട്ടി സംസാരിച്ചിട്ടില്ല’ – ഗണേഷ് കുമാർ പറഞ്ഞു.മുന്നണിയിലെ ധാരണ പ്രകാരം ജനാധിപത്യ കേരള കോൺഗ്രസുമായാണ് കേരള കോൺഗ്രസ് ബാലകൃഷ്ണപിള്ള വിഭാഗം മന്ത്രിസ്ഥാനം പങ്കിടേണ്ടത്. നിലവിൽ ആൻറണി രാജു വഹിക്കുന്ന ഗതാഗത വകുപ്പ് ഏറ്റെടുക്കാൻ പാർട്ടിയുടെ ഏക എംഎൽഎയായ ഗണേഷ് കുമാർ തയാറാകില്ലെന്നും വാർത്ത പ്രചരിച്ചിരുന്നു