ഹർഷിനയ്ക്ക് നീതി ലഭിക്കാൻ സർക്കാർ ഒപ്പമുണ്ടെന്ന് വീണാ ജോർജ്ജ്

തിരുവനന്തപുരം : സർക്കാർ ഹർഷിനയ്‌ക്കൊപ്പമാണെന്നും ഹർഷിനയ്ക്ക് നീതി ലഭിക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതി ആവശ്യപ്പെട്ട് ഹർഷിന പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. പൊലീസ് അന്വേഷണം സർക്കാർ തീരുമാനപ്രകാരമാണ്. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തിയെന്നും വീണാ ജോർജ് പറഞ്ഞു. തെറ്റുകാർക്കെതിരെ നടപടികൾ സ്വീകരിക്കണെന്നും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അത് കണ്ടെത്തണമെന്നുമാണ് സർക്കാർ നിലപാട്.

ഹർഷിനയ്ക്ക് സംഭവിച്ചത് ആവർത്തിക്കാൻ പാടില്ലെന്ന് വീണാ ജോർജ് പറഞ്ഞു. ഹർഷിനയുടെ ആവശ്യങ്ങൾക്കൊപ്പം തുടക്കം മുതൽ തന്നെ സർക്കാരുണ്ട്. സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ളവരെക്കുറിച്ച് പൊലീസ് റിപ്പോർട്ട് വരട്ടെ. ആരോഗ്യ വകുപ്പ് നടത്തിയ രണ്ട് അന്വേഷണങ്ങളും തൃപ്തികരമായിരുന്നില്ല. പൊലീസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത് ആരോഗ്യ വകുപ്പ് തന്നെയാണ്. നിയമപരമായി ഹർഷിനയ്ക്ക് നീതി ഉറപ്പാക്കുന്നതിനു വേണ്ടിയുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.

ഹർഷിനയുടെ വയറ്റിൽ കുടുങ്ങിയ കത്രിക കോഴിക്കോട് മെഡിക്കൽ കോളേജിന്റേതെന്ന സ്ഥിരീകരണം പുറത്തുവന്നിരുന്നു. രണ്ട് ഡോക്ടർമാർ ഉൾപ്പെടെ നാലു പേർ കുറ്റക്കാരെന്നാണ് റിപ്പോർട്ട്. പന്തീരാങ്കാവ് മലയിൽക്കുളങ്ങര അഷ്റഫിന്റെ ഭാര്യ ഹർഷിനക്ക് 2017 നവംബർ 30നായിരുന്നു മെഡിക്കൽ കോളേജിൽ പ്രസവ ശസ്ത്രക്രിയ നടത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പ്രസവ ചികിത്സക്ക് ശേഷം ഹർഷിനക്ക് ശാരീരിക പ്രയാസങ്ങൾ അനുഭവപ്പെട്ടിരുന്നു. നിരവധി ചികിത്സകൾ തേടിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് മാസങ്ങൾക്ക് ശേഷം നടത്തിയ സ്‌കാനിംഗിലാണ് വയറ്റിൽ കത്രിക കുടുങ്ങിയതായി കണ്ടെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →