മേഖാലയ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ആക്രമണം

മേഖാലയ: ടുറയെ മേഖാലയയുടെ ശൈത്യകാല തലസ്ഥാനമാക്കി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുണ്ടായ പ്രതിഷേധത്തിനിടെ മുഖ്യമന്ത്രി കോൺറാഡ് സാംഗ്മയുടെ ഓഫീസിന് നേരെ ആക്രമണം. ആക്രമണത്തിൽ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. ആക്രമണത്തിൽ മുഖ്യമന്ത്രിക്ക് പരുക്കുകളില്ലെന്ന് ഓഫീസ് അറിയിച്ചു. ACHIK, GHSMC എന്നീ സിവിൽ സൊസൈറ്റി ഗ്രൂപ്പുകളാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്.

2023 ജൂലൈ 24 ന് വൈകുന്നേരത്തോടെ മുഖ്യമന്ത്രിയുടെ ഓഫീസിന് പുറത്ത് നൂറുകണക്കിന് പ്രതിഷേധക്കാർ തടിച്ചുകൂടിയതോടെയാണ് സംഘർഷത്തിലേക്ക് കാര്യങ്ങളെത്തിയത്. അതോടെ മുഖ്യമന്ത്രിക്ക് ഓഫീസിന് പുറത്തിറങ്ങാനായില്ല. ഗാരോ ഹിൽസ് ആസ്ഥാനമായുള്ള സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ ടുറയിൽ ശൈത്യകാല തലസ്ഥാനം വേണമെന്ന് നാളുകളായി ആവശ്യപ്പെടുന്നതാണ്.

സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രതിഷേധക്കാരോട് സംസാരിക്കുന്നതിനിടെയാണ് സാംഗ്മയ്ക്ക് നേരെ ജനക്കൂട്ടത്തിലുണ്ടായ ചിലർ കല്ലെറിയാൻ തുടങ്ങിയത്. ശൈത്യകാല തലസ്ഥാന ആവശ്യവും തൊഴിൽ സംവരണവും സംബന്ധിച്ച് ചർച്ച നടത്താമെന്ന് സാംഗ്മ പ്രതിഷേധക്കാരെ അറിയിച്ചു. ക്യാബിനറ്റ് മന്ത്രിമാരും ചർച്ചയിൽ പങ്കെടുക്കും. ചർച്ചയ്ക്ക് മുൻപായി പ്രതിഷേധം അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →