തീ പടര്‍ത്തുന്നത് വ്യാജ പ്രചാരണമോ? മണിപ്പൂര്‍ കലാപത്തെ കുറിച്ച് പുതിയ റിപ്പോര്‍ട്ടുകള്‍

മണിപ്പുരിലെ സംഘര്‍ഷം ഇത്രയും രൂക്ഷമാകാന്‍ കാരണം കിംവതന്തികളും അഭ്യൂഹങ്ങളുമാണെന്ന ആരോപണവുമായി അധികൃതര്‍. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരുന്ന വിവിധ സുരക്ഷാ ഏജന്‍സി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പി.ടി.ഐ. ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
മേയ് മൂന്നിന് പൊട്ടിപ്പുറപ്പെട്ട, മണിപ്പുര്‍ സംഘര്‍ഷത്തില്‍ ഇതുവരെ 160-ഓളം പേരാണ് കൊല്ലപ്പെട്ടത്. മണിപ്പുരില്‍ പലയിടങ്ങളിലായി ഉണ്ടായ സംഘര്‍ഷത്തിന് ഇന്ധനമായിത്തീര്‍ന്നത് പലകോണുകളില്‍ നിന്ന് ഉയര്‍ന്നു വന്ന അഭ്യൂഹങ്ങളും വ്യാജ വാര്‍ത്തകളുടെ പ്രചാരണവുമാണെന്ന് ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നത്.
മേയ് നാലിനായിരുന്നു രാജ്യത്തെ നടുക്കിയ ലൈംഗികാതിക്രമം മണിപ്പുരിലെ കാങ്പോക്പി ജില്ലയില്‍ നടന്നത്. രണ്ട് സ്ത്രീകളെ ആള്‍ക്കൂട്ടം നഗ്നരാക്കി നടത്തുകയും ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്തു. വ്യാജ പ്രചാരണങ്ങള്‍ക്ക് പിന്നാലെയുണ്ടായ ക്രൂരമായ ആക്രമങ്ങളില്‍ ഒന്ന് മാത്രമായിരുന്നു ഇത്.ചുരന്ദ്പുരില്‍ കൊലപ്പെടുത്തിയ ഒരാളുടേതെന്ന തരത്തില്‍ പോളിത്തീന്‍ കവറില്‍ പൊതിഞ്ഞ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ ഇംഫാല്‍ താഴ് വരയില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടു. ഇതിന് പിന്നാലെയാണ് സ്ത്രീകളെ നഗ്നരാക്കി നടത്തുന്നതടക്കമുള്ള സംഭവങ്ങള്‍ അരങ്ങേറിയതെന്നാണ് സുരക്ഷാ വൃത്തങ്ങള്‍ പറയുന്നത്.എന്നാല്‍, പ്രചരിപ്പിക്കപ്പെട്ട ചിത്രത്തിലുള്ള പോളിത്തീന്‍ കവറില്‍ പൊതിഞ്ഞ മൃതദേഹം ഡല്‍ഹിയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടേതായിരുന്നു എന്ന് പിന്നീട് കണ്ടെത്തി. അപ്പോഴേക്കും താഴ്വരയില്‍ സംഘര്‍ഷം രൂക്ഷമായിരുന്നു. ഇതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഇന്റര്‍നെറ്റ് വിഛേദിച്ചത്. തൊട്ടടുത്ത ദിവസമായിരുന്നു ലൈംഗികാതിക്രമങ്ങള്‍ നടക്കുന്നത്. ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ 15 ദിവസങ്ങള്‍ക്കു ശേഷമാണു എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുന്നത്. ഇതേദിവസം തന്നെ 30 കിലോമീറ്റര്‍ അകലെ മറ്റു രണ്ടു സ്ത്രീകളെ പീഡിപ്പിച്ച് കൊലപ്പെടുത്തി. ഇംഫാലില്‍ കാര്‍ വാഷ് സെന്ററില്‍ ജോലി ചെയ്തിരുന്ന രണ്ടു യുവതികളെയാണ് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. കാങ്പോക്പി ജില്ലയില്‍ കുക്കി വിഭാഗത്തില്‍പ്പെട്ട 21, 24 വയസുള്ള യുവതികളെയാണ് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.

Share

About ശ്രുതി ലാൽ

View all posts by ശ്രുതി ലാൽ →