ബെംഗളൂരു : കർണാടകയിൽ തക്കാളിയുമായി പോയ കർഷകനെ ഭീഷണിപ്പെടുത്തി ട്രക്ക് തട്ടിയെടുത്ത സംഭവത്തിൽ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്‌തു.,ഭാസ്‌കർ, ഭാര്യ സിന്ധുജ എന്നിവരാണ് അറസ്റ്റിലായത്. 2023 . ജൂലൈ 8ന് ബംഗളൂരുവിനടുത്തുള്ള ചിക്കജലയിലാണ് കേസിനാസ്പദമായ സംഭവം . ചിത്രദുർഗ ജില്ലയ്ക്കടുത്തുള്ള ഹിരിയൂർ ടൗണിൽ നിന്നും തക്കാളി, കോലാർ മാർക്കറ്റിൽ വിൽപ്പനയ്ക്ക് കൊണ്ടുപോകുകയായിരുന്നു കർഷകൻ. വഴിയിൽ വച്ച് കർഷകനെ ഭീഷണിപ്പെടുത്തിയ പ്രതികൾ രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന രണ്ടായിരം കിലോഗ്രാം തക്കാളിയുമായാണ് കടന്നുകളഞ്ഞത്. മറ്റ് പ്രതികളായ റോക്കി, കുമാർ, മഹേഷ് എന്നിവർക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
തക്കാളി വണ്ടി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അക്രമി സംഘം വാഹനം പിന്തുടർന്നു. തങ്ങളുടെ വാഹനം ഇടിച്ചെന്ന് ആരോപിച്ച് കർഷകനോടും ഡ്രൈവറോടും ഇവർ പണം ആവശ്യപ്പെടുകയും ഓൺലൈനായി പണം ഇടാക്കുകയും ചെയ്തു. പിന്നാലെയാണ് പ്രതികൾ വാഹനത്തിനുള്ളിൽ കയറിപ്പറ്റുകയും കർഷകനെ ബലം പ്രയോഗിച്ച് പുറത്തേക്ക് തള്ളി തക്കാളിമായി കടന്നുകളഞ്ഞതും. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതികളെ പിടികൂടിയത്. തക്കാളി വിറ്റ ശേഷം പ്രതികൾ വാഹനം ഉപേക്ഷിച്ച് നമ്പർ പ്ലേറ്റില്ലാത്ത മറ്റൊരു വാഹനത്തിൽ കയറി രക്ഷപെടുകയായിരുന്നു.
മോഷണം, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ദമ്പതികൾക്കെതിരെ കേസെടുത്തത്. കർണാടകയിൽ വർധിച്ചുവരുന്ന ട്രക്ക് മോഷണത്തെ കൂട ഉയർത്തിക്കാട്ടുന്നതാണ് പുതിയ സംഭവം. തക്കാളി ക്ഷാമം മാത്രമല്ല തക്കാളി മോഷണവും തക്കാളി വിപണി വിലയെയും പ്രതികൂലമായി ബാധിക്കും. ക്ഷാമകാലത്തുള്ള തക്കാളി വില വർധന കുറഞ്ഞ വില്ക്ക് തക്കാളി വിൽക്കാൻ നിർബന്ധിതരാകുന്ന കർഷകർക്ക് ദോഷം ചെയ്യും.നിലവിൽ ഇന്ത്യയിലെ കർഷകർ നേരിടുന്ന വെല്ലുവിളിയെ ഓർമിപ്പിക്കുന്നതുകൂടിയാണ് തക്കാളി ട്രക്ക് മോഷണം

