തിരൂർ : തിരൂർ റെയിൽവേസ്റ്റേഷനിൽ യാത്രക്കാർക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിൽ റെയിൽവേയ്ക്ക് വീഴ്ച. റെയിൽവേയുടെ ചെലവിൽ ഇവിടെ മേൽപ്പാല നിർമാണത്തിന് കുഴികുഴിച്ച ഒന്നാംപ്ലാറ്റ്ഫോമിൽ കോൺക്രീറ്റ് പാതിവഴിയിൽ മുടങ്ങിയിരിക്കുകയാണ്. ഒന്നാം പ്ലാറ്റ്ഫോമിൽ നിന്ന് രണ്ടാം പ്ലാറ്റ് ഫോമിലേക്ക് കടക്കാനുള്ള മേൽപ്പാലം നിർമിക്കാനും ലിഫ്റ്റ് സ്ഥാപിക്കാനുമാണ് വലിയ കുഴികൾ കുഴിച്ചത്. തൂണുകൾ സ്ഥാപിക്കാനുള്ള കോൺക്രീറ്റിങ്ങാണ് മുടങ്ങിക്കിടക്കുന്നത്.
നിർമാണപ്രവർത്തനം ഇഴഞ്ഞുനീങ്ങുകയാണ്. ഇതിനാൽ യാത്രക്കാർക്ക് ഇരിക്കാനുള്ള സൗകര്യവും ഇല്ലാതായിരിക്കുകയാണ്. നിലവിൽ രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകൾ ബന്ധിപ്പിക്കുന്ന മേൽപ്പാലമുണ്ടെങ്കിലും ഒന്നാം പ്ലാറ്റ്ഫോമുമായി ഇതു ബന്ധിപ്പിച്ചിരുന്നില്ല. ഇതിനായി കുഴിവെട്ടി കോൺക്രീറ്റ് പാതിവഴിയിലിട്ട് കാത്തിരിക്കുകയാണ്.
സ്റ്റേഷന്റെ പ്ലാറ്റ്ഫോമുകളിൽ മേൽക്കൂരയില്ലാത്തതു കാരണം യാത്രക്കാർ മഴയും വെയിലും കൊള്ളേണ്ട ദുരവസ്ഥയുണ്ട്. തെരുവുനായ്ക്കളുടെ ശല്യംകാരണം പ്ലാറ്റ്ഫോമിലൂടെ നടക്കാൻ കഴിയാത്ത അവസ്ഥയുമുണ്ട്. ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും ഒന്നാം പ്ലാറ്റ്ഫോമിൽ നിന്ന് രണ്ടിലേക്ക് കടക്കാൻ ഏറെ പ്രയാസമുണ്ട്. വേണ്ട ലൈറ്റ് സംവിധാനവുമില്ല.

