ഏകീകൃത സിവിൽ കോഡിനെതിരെ വിമർശനവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ഏകത്വം എന്ന് പറയുന്നതും തുല്യതയും രണ്ടാണ്. തുല്യത ഉറപ്പാക്കാനാണ് എല്ലാ മതവിഭാഗങ്ങളും ശ്രമിക്കേണ്ടതെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. ഇന്ത്യയുടെ മതനിരപേക്ഷതയ്ക്ക് പകരം ഭൂരിപക്ഷത്തിന്റെ ആശയം അടിച്ചേൽപ്പിക്കുന്നതാണ് ഏകീകൃത സിവിൽ കോഡ്. 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വർഗീയ ധ്രുവീകരണത്തിനുള്ള ആയുധമാക്കിയാണ് കേന്ദ്രം ഏകീകൃത സിവിൽ കോഡ് ഉപയോഗിക്കുന്നതെന്നും പ്രകാശ് കാരാട്ട് വിമർശിച്ചു.
ബിജെപിയെ സംബന്ധിച്ച് ഏക സിവിൽ കോഡ് തിളയ്ക്കുന്ന ഒരു വിഷയമായി തുടരണം. അതിനാൽ അടുത്ത തെരഞ്ഞെടുപ്പിന് മുൻപ് പാർലമെന്റിൽ ഒരു കരട് ബിൽ വരാൻ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഭോപ്പാലിൽ മുസ്ലീം പെൺമക്കളെക്കുറിച്ച് നടത്തിയ പ്രസംഗം തട്ടിപ്പാണെന്ന് പ്രകാശ് കാരാട്ട് വിമർശിക്കുന്നു. മോദിക്ക് മുസ്ലീം പെൺമക്കളോടുള്ള സ്‌നേഹം എന്താണ് നാഗാ പെൺ മക്കളോട് ഇല്ലാത്തതെന്ന് പ്രകാശ് കാരാട്ട് ചോദിക്കുന്നു. മനുസ്മൃതി മാത്രമാണ് ഹിന്ദുത്വത്തിന്റെ ഒരേ ഒരു നിയമം. ഭരണഘടന വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് ചില വ്യക്തി നിയമങ്ങൾക്കുള്ള അവകാശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏക സിവിൽ കോഡിന് വേണ്ടി വാദിക്കുന്ന ബിജെപിയും ആർഎസ്എസും രാജ്യത്ത് ഇതുവരെ ഒരു നവോത്ഥാന മുന്നേറ്റത്തിനും പിന്തുണ നൽകിയിട്ടില്ലെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഏക സിവിൽ കോഡ് നടപ്പാക്കിയാൽ വലിയ പ്രാദേശിക സംഘർഷങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

