മണിപ്പൂരിൽ കുകി സ്ത്രീകൾക്ക് നേരെ നടന്ന ലൈംഗികാതിക്രമത്തിൽ പ്രതികരണവുമായി നടൻ ആന്റണി വർഗീസ്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത് നടന്നു എന്നതാണ് സത്യം എന്നായിരുന്നു നടന്റെ പ്രതികരണം.തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം .കറുത്ത നിറത്തിലുള്ള ചിത്രം മാത്രം പങ്കുവെച്ചുകൊണ്ടാണ് ആന്റണിയുടെ പോസ്റ്റ്.
“മണിപ്പൂർ… എന്ന് നടന്നു എപ്പോൾ നടന്നു എന്നത് അല്ല ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത് നടന്നു എന്നതാണ് സത്യം. ഇനിയും നമ്മൾ എന്ന് മനസ്സിലാക്കും? എന്ന് മാറും? ആ പകുതി മങ്ങിയ ഫോട്ടോ പോലും ഷെയർ ചെയ്യാൻ പറ്റില്ല..ഇനിയും കാണാൻ പറ്റാത്തത് കൊണ്ടാണ്..”, എന്നാണ് ആന്റണി വർഗീസ് കുറിച്ചത്.
മണിപ്പൂരിൽ രണ്ട് കുകി സ്ത്രീകൾക്ക് നേരെ നടന്ന ലൈംഗികാതിക്രമത്തിൽ പ്രതികരിച്ച് നടൻ സൂരജ് വെഞ്ഞാറമൂടും രംഗത്തെത്തിയിരുന്നു. മണിപ്പൂർ അസ്വസ്ഥതയുണ്ടാക്കുന്നു, അപമാനം കൊണ്ട് തല കുനിഞ്ഞ് പോകുന്നുവെന്നും ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടായെന്നും സുരാജ് ഫേസ്ബുക്കിൽ കുറിച്ചു.
സംഭവത്തിൽ പ്രതിഷേധം കത്തുമ്പോൾ പ്രതികരണവുമായി ബോളിവുഡ് താരം അക്ഷയ് കുമാർ രംഗത്തെത്തി. വിഡിയോ കണ്ട് നടുങ്ങി പോയതായി അക്ഷയ് കുമാർ ട്വിറ്ററിൽ കുറിച്ചു. ഇതുപോലൊരു ഭീകരകൃത്യം ചെയ്യാൻ ഇനിയാരും മുതിരാത്ത വിധത്തിൽ ശിക്ഷ കുറ്റവാളികൾക്ക് നൽകണം എന്നും അക്ഷയ് കുമാർ പറയുന്നു.
അതേസമയം മണിപ്പൂരിൽ സ്ത്രീകൾക്ക് നേരെ നടന്ന അക്രമം ഞെട്ടിക്കുന്നതെന്നാണ് നരേന്ദ്ര മോദി അഭിപ്രായപ്പെട്ടത്. ഇത്തരം സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മോദി അഭിപ്രായപ്പെട്ടു.
കുകി സമുദായംഗങ്ങളായ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത സംഭവത്തിൽ മണിപ്പൂരിൽ ഒരാളെ അറസ്റ്റ് ചെയ്തെന്ന് പൊലീസ് അറിയിച്ചു. 2023 മെയ് നാലിന് നടന്ന സംഭവത്തിൽ ഇതുവരെയും ഒരാളെ പോലും അറസ്റ്റ് ചെയ്യാത്തതിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. വിഷയം പാർലമെന്റിലും പുറത്തും ശക്തമായി പ്രതിപക്ഷം ഉന്നയിക്കുന്നതിനിടെയാണ് ഒരു പ്രതിയെ അറസ്റ്റ് ചെയ്തെന്ന് മണിപ്പൂർ പൊലീസ് പറയുന്നത്

