ജനസാ​ഗരത്തെ തനിച്ചാക്കി ഉമ്മൻ ചാണ്ടി യാത്രയായി ; വിടചൊല്ലി കേരളം

കോട്ടയം : പതിനായിരക്കണക്കിന് ജനങ്ങളുടെ സ്‌നേഹവായ്പിൽ അലിഞ്ഞ് ഉമ്മൻ ചാണ്ടി യാത്രയായി . രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖർ പുതുപ്പള്ളി പള്ളിയിൽ നടക്കുന്ന സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു. ഉമ്മൻ ചാണ്ടിയ്ക്ക് വേണ്ടി മുദ്രാവാക്യം വിളിച്ചും കണ്ണീർപ്പൂക്കൾ അർപ്പിച്ചും കോട്ടയത്തെ ജനലക്ഷങ്ങൾ പകരം വയ്ക്കാനില്ലാത്ത മടക്കയാത്രയാണ് ജനകീയനായ നേതാവിന് നൽകിയത്. സെന്റ് ജോർജ് വലിയ പള്ളിയിൽ 2023 ജൂലൈ 20ന് രാത്രി വളരെ വൈകിയാണ് ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം സംസ്കരിച്ചത്. വൻ ജനത്തിരക്ക് മൂലം നിശ്ചയിച്ചതിനേക്കാളും മണിക്കൂറുകൾ വൈകിയാണ് സംസ്കാരം നടത്താനായത്.

തന്റെ പിതാവിന് ജനലക്ഷങ്ങൾ നൽകിയ സ്‌നേഹാദരങ്ങൾക്ക് വികാരനിർഭരമായി നന്ദി പറയുകയായിരുന്നു ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ. തന്റെ ജീവിതത്തിലെ പരിശുദ്ധൻ നഷ്ടപ്പെട്ട ദിവസങ്ങളാണ് ഇതെന്നും തന്റെ പിതാവ് സ്വർഗത്തിലായിരിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നു വെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

തന്റെ പിതാവ് ഒരാളെയും ദ്രോഹിച്ചതായി അറിയില്ലെന്ന് ആരെക്കുറിച്ചും മോശം പറയുന്നത് കേട്ടിട്ടില്ലെന്നും ചാണ്ടി ഉമ്മൻ പറയുന്നു. എല്ലാവരും അദ്ദേഹത്തിന് നന്മ ചെയ്യുന്നത് കണ്ട് വളരാൻ തനിക്കും സഹോദരങ്ങൾക്കും ഭാഗ്യമുണ്ടായെന്നും ചാണ്ടി ഉമ്മൻ പറയുന്നു. പുതുപ്പള്ളിക്കാർക്ക് 53 വർഷം മുൻപ് കൊടുത്ത വാക്ക് തന്റെ അവസാനനാൾ വരെ പാലിക്കാൻ തന്റെ പിതാവിന് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിലാണ് ഉമ്മൻ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകൾ നടന്നത്. സംസ്‌കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകിയ വൈദികർക്കും ചാണ്ടി ഉമ്മൻ നന്ദി പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →